20 April 2024 Saturday

ഓണത്തിന് എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ്; വിതരണം ഓഗസ്റ്റ് അവസാനത്തോടെ-മുഖ്യമന്ത്രി

ckmnews




തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക



ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.


കടലാക്രമണം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനവിനിയോഗത്തിന് അനുമതി


സംസ്ഥാനത്ത് കടലാക്രമണം ശക്തമാണെന്നും തീരശോഷണം നേരിടുന്ന മുപ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബണ്ട് സംരക്ഷണം, കടല്‍ത്തീരത്തെ വീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍ പണം വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ജലസേചന വകുപ്പിനും കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവൃത്തിക്ക് പണം ലഭ്യമല്ലായെങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ ജിയോ ട്യൂബുകളോ ഇടുന്ന പ്രവൃത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ടു ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്നു ലക്ഷം രൂപ, കോര്‍പറേഷനില്‍ അഞ്ചുലക്ഷം രൂപ വരെ ദുരന്ത പ്രതികരണനിധിയില്‍നിന്ന് വഹിക്കും.