19 April 2024 Friday

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന അഭിപ്രായം ഉയരുന്നു; പരിഗണിക്കേണ്ടിവരും - മുഖ്യമന്ത്രി

ckmnews



തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വിദഗ്ധരടക്കം മുന്നോട്ടുവെക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എങ്ങിലും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് തിക്കും തിരക്കുമുണ്ടായതിന്റെ ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകഴിഞ്ഞ് വിദ്യാര്‍ഥികള്‍ ഗേറ്റിലൂടെ ഒന്നിച്ച് പുറത്തേക്കിരങ്ങി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അക്കാര്യം മുന്നില്‍ക്കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച സംഭവിച്ചത്. അക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുക്കുന്ന കാര്യവും വിദ്യാര്‍ഥികളുടെ വീടുകളില്‍ വിളിച്ച് അന്വേഷണം നടത്തുന്ന കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.