20 April 2024 Saturday

തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട:പിടിച്ചെടുത്തത് ഒരു കോടിരൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ.

ckmnews

തൃശൂരിൽ വൻ ലഹരിമരുന്ന്  വേട്ട:പിടിച്ചെടുത്തത് ഒരു കോടിരൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ.


കുന്നംകുളം:ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ.ആന്ധ്രയിൽ നിന്നും എത്തിച്ച,അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെടുന്ന ഹാഷിഷ് ഓയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. 


ഇപ്പോൾ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21),  കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്നു പുലർച്ചെ 3 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് അറസ്റ്റിലായത്. 


അറസ്റ്റിലായ പ്രതികൾ കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്നും എത്തിച്ചത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗം നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായവർ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഷഫീക്ക്, മഹേഷ് എന്നിവർ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മുനീബ് എന്നയാളെ 2021ൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളും ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരുമാണ്.  ശരത് എന്നയാൾക്കെതിരെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2021ൽ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതിയാണ്. 


പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ ഇവർ നിരവധി തവണ ഇതിനുമുമ്പും കഞ്ചാവ് കടത്തിയിട്ടുള്ളവരാണെന്ന് അറിവാകുന്നു. 

ഹാഷിഷ് ഓയിൽ കടത്തുന്നതിന് പുതിയ മാർഗങ്ങൾ.


പോലീസ് പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ പ്രതികൾ കടത്താനുപയോഗിച്ചത് ഫ്രൂട്ട് ജ്യൂസ് എന്ന രീതിയിൽ. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്ലാസ്കുകൾ എന്നിവയിലും ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു കടത്താൻ ഉപയോഗിച്ചു. ഹാഷിഷ് ഓയിലിന് രൂക്ഷഗന്ധം ഉള്ളതിനാൽ, അത് മറികടക്കുന്നതിനായി സുഗന്ധ തൈലം പുരട്ടുകയും ചെയ്തു. 


100 കിലോയിലധികം കഞ്ചാവ് വാറ്റുമ്പോഴാണ് വീര്യംകൂടിയ ഒരുകിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്. കഞ്ചാവ് കടത്തിയിരുന്ന ഇവർ അടുത്തിടെയാണ് ഹാഷിഷ് ഓയിൽ കടത്തുന്നതിലേക്ക് തിരിഞ്ഞത്.


ഈസ്റ്റ് സിഐ പി. ലാൽ കുമാർ.

എസ് ഐ മാരായ ജോർജ് മാത്യു എ,

ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി.രാകേഷ്.

സീനിയർ സിപിഒ മാരായ ജീവൻ ടി.വി,  പളനിസ്വാമി, 

സിവിൽ പോലീസ് ഓഫീസർമാരായ ലികേഷ് എം.എസ്.,  സുജിത് കുമാർ എസ്, കെ. ആഷിഷ്, എസ്. ശരത്, ജോഷി, അരുൺ, വിപിൻ, ഷെല്ലാർ.എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്