25 April 2024 Thursday

ഹോട്ടലിൽ കയറി വയറുനിറയെ കഴിക്കും,പോകാൻ നേരം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടും, സംഘം പിടിയിൽ

ckmnews

വേങ്ങര: ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങര പോലീസിന്റെ പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പിൽ ഇബ്രാഹിം (33), അബ്ദുറഹ്മാൻ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണിൽഹൗസിലെ സുധീഷ് (23), താട്ടയിൽ നാസിം (21) എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കനാണ് നാലംഗസംഘം കഴിച്ചത്. തുടർന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു. പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലിൽനിന്ന് മടങ്ങിയ സംഘം ഫോണിലൂടെയാണ് പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.


വിലപേശലിന് ശേഷം 25,000 രൂപ നൽകിയാൽ പരാതി നൽകില്ലെന്ന് ഹോട്ടൽ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.


തങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടൽ മൂന്നാഴ്ച മുൻപ് പൂട്ടിച്ചതിന്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു.


സി.ഐ. ജോബി തോമസ്, എസ്.ഐ. ഷൈലേഷ്ബാബു, എ.എസ്.ഐ.മാരായ സിയാദ് കോട്ട, മോഹൻദാസ്, ഗോപി മോഹൻ, സി.പി.ഒ.മാരായ ഹമീദലി, ഷഹേഷ്, ജസീർ, വിക്ടർ, സിറാജ്, ആരിഫ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.