28 March 2024 Thursday

പൊന്നാനിയില്‍ കോവിഡ് പ്രതിസന്ധിക്കിടെ മഴക്കെടുതി പ്രതിസന്ധി പരിഹരിക്കാന്‍ സ്പീക്കറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ckmnews

കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണൻ ഉന്നത ഉദ്യോഗസ്ഥരുടെയും താലൂക്കിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും യോഗം വിളിച്ചു. കടൽക്ഷോഭത്തിൽ വീടുകളിൽ വെള്ളം കയറി താമസ യോഗ്യമല്ലാത്തവരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാനും സകല സൗകര്യങ്ങളുമൊരുക്കാനും തീരുമാനമായി.ക്വാറൻ്റയിനിൽ കഴിയുന്നവരുണ്ടെങ്കിൽ പ്രത്യേകം ഷെൽട്ടറുകൾ ഒരുക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. 

താലൂക്കിലെ എല്ലാ പഞ്ചായത്തുകളും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ഒരുക്കാനും തീരുമാനിച്ചു. ആവശ്യമായ സജ്ജീകരണങ്ങളും ജീവനക്കാരെയും ഉറപ്പു വരുത്തും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പട്ടാമ്പിയിലേക്കുള്ള എല്ലാ അതിർത്ഥികളും അടക്കും. ലോക്ക് ഡൗൺ കാലാവധി 23 ന് തീരുന്നതിനു മുമ്പ് തുടർ നടപടികൾക്കായി ഗൈഡ് ലൈൻ തയ്യാറാക്കാൻ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർദ്ദേശം നൽകി.വെളിയങ്കോട് കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ അടച്ചത് പുന:പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ അപേക്ഷകൾ സമർപ്പിക്കാൻ അക്ഷയ സെൻ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കാനും സ്പീക്കർ  നിർദ്ദേശിച്ചിട്ടുണ്ട്.

സൂം ആപ്പ് വഴി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന,

ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം,ഡി വൈ എസ് പി സുരേഷ് ബാബു, നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ആറ്റുണ്ണി തങ്ങൾ,തഹസിൽദാർ വിജയൻ, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, താലൂക്ക് സി വിൽ സപ്ലൈസ് ഓഫീസർ,തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, പി എച്ച്‌ സി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.