19 April 2024 Friday

പ്രവാസി സ്വർണ്ണവ്യാപാരിയുടെ വീട്ടിലെ മൂന്ന് കിലോ സ്വർണ്ണവും പണവും ക്കവർച്ചചെയ്ത കേസിലെ പ്രതി പിടിയിൽ. കൂടുതൽ മോഷണക്കേസുകളിൽ തുമ്പുണ്ടായേക്കും:പ്രതി കുടുംബത്തോടൊപ്പം താമസിച്ച് വന്നത് എടപ്പാളിൽ

ckmnews

പ്രവാസി സ്വർണ്ണവ്യാപാരിയുടെ വീട്ടിലെ മൂന്ന് കിലോ സ്വർണ്ണവും പണവും ക്കവർച്ചചെയ്ത കേസിലെ പ്രതി  പിടിയിൽ.


കൂടുതൽ മോഷണക്കേസുകളിൽ തുമ്പുണ്ടായേക്കും:പ്രതി കുടുംബത്തോടൊപ്പം താമസിച്ച് വന്നത് എടപ്പാളിൽ


ഗുരുവായൂരിലെ തമ്പുരാൻപടിയിലുള്ള പ്രവാസി സ്വർണ്ണവ്യാപാരിയുടെ വീട്ടിലെ മൂന്ന് കിലോ സ്വർണ്ണവും രണ്ടുലക്ഷം രൂപയും മോഷണം ചെയ്ത കേസിലെ പ്രതിയെ മൂന്ന് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നിർദ്ദേശ പ്രകാരം ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്നും പ്രതിയായ തമിഴ്നാട് ട്രിച്ചി, ലാൽഗുഡി അണ്ണാനഗർ കോളനിയിലെ കാമരാജ് നഗർ ധർമ്മരാജ് എന്ന രാജു (26) വിനെ അറസ്റ്റ് ചെയ്തത്. 


നിരവധി  മോഷണ കേസുകളിലെ പ്രതിയാണ് രാജു എന്നു വിളിക്കുന്ന ധർമ്മരാജ്. 2021 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ, മണ്ണുത്തി, ഒല്ലൂർ, എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്റ്റേഷൻ പരിധികളിലുമായി 15 ഓളം ഭവനഭേദന കേസുകളിലും 2022 വർഷത്തിൽ പാലക്കാട് ജില്ലയിലെ തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു കേസുകളും, ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുളപ്പിള്ളിയിൽ നടന്ന ഭവന ഭേദന കേസുകളിലും എറണാകുളം ജില്ലയിലെ അങ്കമാലിയിൽ നിന്നും ഇടുക്കി സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലും എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും  ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്. മോഷണ കുറ്റത്തിൽ ശിക്ഷയിൽ കഴിയുന്നതിനിടെ തഞ്ചാവൂർ സൗത്ത് പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടയാളാണ് പ്രതി. 


കഴിഞ്ഞ മെയ് 12 മോഷണംനടന്നത്. മോഷണം നടന്ന ദിവസം  ഉച്ചയ്ക്ക് 2.30 ന് ബാലനും ഭാര്യ രുഗ്മിണിയും കൊച്ചുമകൻ അർജുൻ ഡ്രൈവർ ബ്രിജുവും തൃശൂരിൽ സിനിമക്ക് പോയി. രാത്രി 9.30 ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന് പിൻവശത്ത് കൂടി മുകൾ നിലയിലെത്തി പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി താഴത്തെ നിലയിലെ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര കുത്തിതുറന്നാണ് കവർച്ച നടത്തിയത്. രാത്രി 7.20 നും 8.30 നും ഇടയിൽ കവർച്ച നടത്തി ഇരുച്ചക്രവാഹനത്തിൽ പ്രതിരക്ഷപെട്ടു.സി.സി. ടി.വിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും വ്യക്തമായിരുന്നില്ല. 


ഗുരുവായൂർ എ സി പി കെ.ജി.സുരേഷിന്റെ മേൽനോട്ടത്തിൽ ഗുരുവായൂർ സി.ഐ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. പ്രതി പോയ വഴികളിലുള്ള സി.സി.ടി.വി ക്യാമറകൾ മുഴുവൻ പോലീസ് പരിശോധിച്ചു. സമാനമായ മോഷണ കേസുകൾ പരിശോധിച്ചതിൽ നിന്ന് കുളപ്പുള്ളിയിലെ ഡോക്ടറുടെ വീട്ടിൽ കവർച്ചക്ക് ശ്രമിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇവിടുത്തെ ദൃശ്യങ്ങളിൽ ആളെ കൂടുതൽ വ്യക്തമായി അറിയാൻ കഴിഞ്ഞു. പ്രതിയുടെ കൈതണ്ടയിൽ പച്ചകുത്തിയിട്ടുള്ളതും അന്വേഷണത്തിന് സഹായകമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


ഗുരുവായൂർ മോഷണം നടത്തിയതിന്റെ അടുത്ത ദിവസം തന്നെ പ്രതി കുടുംബവുമായി ഡൽഹിക്ക് പോയിരുന്നു. മലപുറം ജില്ലയിലെ എടപ്പാളിൽ കുടുംബവുമായി താമസിച്ചുവരുന്നതിനിടയിലാണ് തമ്പുരാൻ പടിയിലുള്ള വീട്ടിൽ നിന്നും പ്രതി സ്വർണ്ണവും പണവും മോഷണം നടത്തിയത്. മോഷശേഷം ഡൽഹിയിലേക്ക് കടന്ന പ്രതി കുടുംബസമേതം ആർഭാഢജീവിതം നയിക്കുന്നതിനിടെയാണ് പിടിക്കപെട്ടത്.


ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ.ജി സുരേഷ്, ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ പി.കെ മനോജ് കുമാർ, ടെംമ്പിൾ പോലീസ് ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ, വടക്കേകാട് പോലീസ് ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ് കെ.ജി, കെ.എൻ സുകുമാരൻ, അനിൽകുമാർ പി.എസ്, സുവ്രതകുമാർ, രാകേഷ്, റാഫി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സജീവൻ എം.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ ടി.വി, പ്രദീപ്, സജീവൻ കെ.സി, സിവിൽ പോലീസ് ഓഫീസർമാരായ ശരത് എസ്, ആശിഷ് കെ, സുമേഷ് വി.പി, സുജയ് എം, സുനീപ്, മിഥുൻ സി.എസ്, ജിൻസൻ, വിപിൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്