29 March 2024 Friday

5ജി സേവനം ഉടനെ: സ്‌പെക്ട്രത്തിനായി ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു

ckmnews

പ്രഖ്യാപനം നടത്തി രണ്ടുദിവസം പിന്നിടുമ്പോഴേയ്ക്കും റിലയന്‍സ് ജിയോ 5ജി സ്‌പെക്ട്രത്തിനുവേണ്ടി ശ്രമംതുടങ്ങി. ഇതിനായി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചു. 

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ പരീക്ഷണം നടത്താനാണ് ജിയോയുടെ നീക്കം. പദ്ധതി വിജയിച്ചാല്‍ 5ജി സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യമാറും. മറ്റ് രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യകൈമാറാനും ജിയോയ്ക്ക് അവസരം ലഭിക്കും. 

സ്‌പെക്ട്രം ലഭിച്ചാലുടനെ ട്രയല്‍ തുടങ്ങാന്‍ കഴിയുമെന്നാണ് ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുള്ളത്. നിരവധി വിദഗ്ധരുടെ മൂന്നുവര്‍ഷത്തോളം നീണ്ട പരിശ്രമമാണ് വിജയത്തിലെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു.

രാജ്യത്ത് ട്രയല്‍ നടത്തിയാല്‍മാത്രമെ സാങ്കേതിത വിദ്യ വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കാനാകൂയെന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാകും കമ്പനി ഇതിനായി ഉപയോഗിക്കുന്നത്. 

ആഗോള ടെലികോം ഭീമന്മാരായ ഹുവായ്, ഇസെഡ്ടിഇ, എറിക്‌സണ്‍, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയില്‍ ജിയയോക്ക് മത്സരിക്കേണ്ടിവരിക.