28 March 2024 Thursday

'ഫെറ' ലംഘിച്ചു, മന്ത്രി ജലീലിനെ വിചാരണ ചെയ്യണം; പ്രധാനമന്ത്രിക്ക് പരാതി നൽകി ബെന്നി ബഹനാൻ എംപി

ckmnews

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ജനറലുമായി നേരിട്ട് അനൗദ്യോഗിക സംഭാഷണം നടത്തിയ മന്ത്രി കെടി ജലീലിനെതിരെ ബെന്നി ബഹന്നാൻ എംപി പ്രധാനമന്ത്രിക്ക് പരാതി നൽകി. ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. ഫെറ ലംഘനത്തിന്റെ തെളിവുകൾ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയിൽ പറയുന്നു.

ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമനിർമ്മാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യുഎഇ കോൺസുൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയത് നിയമ പ്രകാരം തെറ്റാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ വ്യക്തമാക്കി.

മന്ത്രിയുടേത് അഞ്ച് വർഷം വരെ തടവോ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് യുഡിഎഫ് കൺവീനർ ചൂണ്ടിക്കാട്ടിയത്. നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഏജൻസിക്ക് ഇക്കാര്യം അന്വേഷിക്കാം. അതുകൊണ്ട് മന്ത്രിക്കെതിരെ അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. മന്ത്രിയെ കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ബെന്നി ബഹനാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.