24 April 2024 Wednesday

താജ് മഹൽ മസ്ജിദിൽ നമസ്‌കരിച്ചു; നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ

ckmnews

താജ്മഹലിനോട് ചേർന്നുള്ള മസ്ജിദിൽ നമസ്‌കരിച്ചതിന് നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ. തെലങ്കാനയിൽ നിന്നുള്ള മൂന്നുപേരും യു.പി അസംഗഢിൽ നിന്നുള്ള ഒരാളുമാണ് അറസ്റ്റിലായതെന്ന് ആഗ്ര (സിറ്റി) സൂപ്രണ്ട് ഓഫ് പൊലീസ് വികാസ് കുമാർ അറിയിച്ചു. ആറു പേർ നമസ്‌കരിക്കുന്നതായി കണ്ടെങ്കിലും രണ്ടു പേർ ഓടി രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ താജ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും എസ്പി അറിയിച്ചു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.വെള്ളിയാഴ്ചകളിൽ മാത്രമാണ് താജ്മഹൽ മസ്ജിദിൽ നമസ്‌കാരത്തിന് അനുമതിയുള്ളത്. അതും മുസ്‌ലിം കാർഡുളള്ള സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമാണ് അനുമതി. മറ്റു ദിവസങ്ങളിൽ ഇവിടെ നമസ്‌കരിക്കാൻ പാടില്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.


'ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെ ആറു പേർ താജ് മഹൽ മസ്ജിദിൽ നമസ്‌കരിക്കുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടു. സിഐഎസ്എഫിനാണ് താജ്മഹലിനകത്ത് സുരക്ഷാ ചുമതല. അതിനാൽ അവർ അനുമതിയില്ലാത്ത ഇടത്ത് നമസ്‌കരിച്ചവരെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ പരിസരത്ത് വൻ ജനക്കൂട്ടമുള്ളതിനാൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു'' എസ്പി വികാസ് കുമാർ വ്യക്തമാക്കി.