29 March 2024 Friday

കാട്ടുപന്നിയെ കൊല്ലാം: ഉത്തരവിടാനുള്ള അധികാരം ഇനി തദ്ദേശസ്ഥാപന മേധാവികള്‍ക്ക്‌

ckmnews

കോട്ടയം: കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുവാദം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വനംമന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ബന്ധപ്പെട്ട ഓഫീസര്‍മാരായി കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തും. കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തി വനം വകുപ്പിനെ അറിയിക്കണം. പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് പ്രദേശത്തെ തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയ്യാറാക്കി അവരുടെ സഹായത്തോടെ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും ചെയ്യാം.കാട്ടുപന്നിയെ കുരുക്കിട്ട് പിടിക്കാം. പക്ഷെ കറണ്ടടിപ്പിക്കാനോ, വിഷപ്രയോഗം നടത്താനോ പാടില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു നേരത്തെ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കേണ്ടിയിരുന്നത്.