19 April 2024 Friday

ജലീലിന്റെ കൈവശം ഉണ്ടായിരുന്നത് ഏകദേശം ഒന്നര കിലോയോളം സ്വര്‍ണം മൈതാനത്തും ഫ്‌ളാറ്റിലും വീട്ടിലുമെത്തിച്ച്‌ കൊടിയ പീഡനം:ബോധം പോയപ്പോൾ നൽകിയത് ഗ്ലൂക്കോസും ചില മരുന്നുകളും; പ്രവാസിയെ മര്‍ദിച്ച്‌ കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ckmnews

ജലീലിന്റെ കൈവശം ഉണ്ടായിരുന്നത്  ഏകദേശം ഒന്നര കിലോയോളം സ്വര്‍ണം


മൈതാനത്തും ഫ്‌ളാറ്റിലും വീട്ടിലുമെത്തിച്ച്‌ കൊടിയ പീഡനം:ബോധം പോയപ്പോൾ നൽകിയത് ഗ്ലൂക്കോസും ചില മരുന്നുകളും; പ്രവാസിയെ മര്‍ദിച്ച്‌ കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍


നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസിയെ മര്‍ദിച്ച്‌ കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്മല്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. മുഖ്യപ്രതി യഹിയയെ ഒളിവില്‍ പോകാനും രക്ഷപ്പെടാനും സഹായിച്ചവരാണ് ഇവർ. അതേസമയം, മുഖ്യപ്രതി മേലാറ്റൂര്‍ ആക്കപ്പറമ്ബ് സ്വദേശി യഹ്‌യ ഒളിവില്‍ തന്നെയാണ്. അഗളി വാക്കിത്തോടിയില്‍ അബ്ദുല്‍ ജലീല്‍ (42) ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്‌ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.അലിമോന്‍, അല്‍ത്വാഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന്‍ എന്നിവരെയാണ് നേരത്തേ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി യഹ്യയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.പ്രതികള്‍ക്ക് ഒളിച്ച്‌ താമസിക്കാന്‍ സൗകര്യം ഒരുക്കിയവരും വാഹനം നല്‍കിയവരുമടക്കം കൂടുതല്‍പേര്‍ പ്രതികളാകുമെന്നും പോലീസ്.പ്രധാന പ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് 15ന് രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടു പോകുന്നത്.ഗള്‍ഫില്‍ നിന്ന് വന്ന അബ്ദുല്‍ ജലീലിന്റെ കൈവശം ഏകദേശം ഒന്നര കിലോയോളം സ്വര്‍ണം കൊടുത്തയച്ചിരുന്നു.ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വര്‍ണത്തിനു വേണ്ടിയാണ് ജലീലിനെ പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുവന്നത്.പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ അപാര്‍ട്ട്‌മെന്റില്‍ വച്ച്‌ ജലീലിനെ പരിശോധിച്ചെങ്കിലും സ്വര്‍ണമൊന്നും കിട്ടിയില്ല.വിമാനമിറങ്ങിയ അബ്ദുള്‍ജലീലിനെ അവിടെനിന്ന് കാറില്‍ക്കയറ്റി പ്രതികള്‍ ഉച്ചയോടെ പെരിന്തല്‍മണ്ണയിലെത്തിച്ചു. രാത്രി ഒന്‍പതുവരെ രണ്ട് കാറുകളിലായി പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി. രാത്രി പത്തോടെ ആക്കപ്പറമ്പിലുള്ള വിജനമായ മൈതാനത്തെത്തിച്ചു.പിന്നീട് സംഘത്തിലേക്ക് രണ്ട് കാറുകളിലായെത്തിയ കുഴല്‍പ്പണ വിതരണ സംഘത്തില്‍പ്പെട്ടവരും ചേര്‍ന്ന് ഉപദ്രവിച്ചു.പുലര്‍ച്ചെ അഞ്ചുവരെ ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച്‌ കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും ജലീലിന്റെ കൈകള്‍ പിറകിലേക്ക് കെട്ടി അതിക്രൂരമായി അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു.ജലീലിന്റെ കാലുകള്‍ പൊട്ടി രക്തംവരാന്‍ തുടങ്ങിയതോടെ മൈതാനത്തുനിന്ന് കാറില്‍ക്കയറ്റി അഞ്ചോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബുവിന്റെ പെരിന്തല്‍മണ്ണ ജൂബിലി റോഡിലുള്ള ഫ്‌ളാറ്റിലേക്ക് മാറ്റി. അവിടെവെച്ച്‌ സംഘത്തിലുള്ളവര്‍ തുടര്‍ച്ചയായി രണ്ടുദിവസത്തോളം രാത്രിയും പകലും ഇരുമ്പ് പൈപ്പുകളും ജാക്കി ലിവറും ഉപയോഗിച്ച്‌ അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. കത്തികൊണ്ട് ശരീരത്തില്‍ പലഭാഗങ്ങളിലായി മുറിച്ച്‌ പരിക്കേല്‍പ്പിച്ചു.പരിക്കുകള്‍ ഗുരുതരമായി രക്തം വരികയും അത് തറയിലും ബെഡ്ഡിലും ആയതോടെ അനസ് ബാബു ജലീലിനെ മാറ്റാന്‍ ആവശ്യപ്പെട്ടു.എന്നിട്ടും സംഘം ഇയാളെ ആശുപത്രിയിലോ വീട്ടിലോ എത്തിച്ചില്ല. മേലാറ്റൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന മണികണ്ഠന്റെ ഷോപ്പില്‍നിന്ന് മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകള്‍ എത്തിച്ച്‌ ശരീരത്തില്‍ പുരട്ടി. ഫ്‌ളാറ്റ് വൃത്തിയാക്കി അലിമോന്റെ പൂപ്പലത്തെ വീട്ടിലേക്ക് മാറ്റിയും പീഡനം തുടര്‍ന്നു.


അവശനിലയിലായ ജലീല്‍ 18-ന് രാത്രിയോടെ ബോധരഹിതനായി.തുടര്‍ന്ന് സംഘത്തിലുള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെ ജലീലിനെ പാര്‍പ്പിച്ച വീട്ടിലെത്തിച്ച്‌ ഗ്ലൂക്കോസും ചില മരുന്നുകളും നല്‍കിയെങ്കിലും ജലീലിന് ബോധം തിരിച്ചുകിട്ടിയില്ല. ഇതോടെ 19-ന് രാവിലെ ഏഴോടെ മുഖ്യപ്രതി യഹിയ അയാളുടെ കാറില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച്‌ രക്ഷപ്പെടുകയായിരുന്നു.


വലിയ സ്വപ്നങ്ങളുമായിട്ടല്ല അഗളി വാക്ക്യത്തോടിയിലെ അബ്ദുള്‍ ജലീല്‍ 10 വര്‍ഷം മുന്‍പ് സൗദി ജിദ്ദയിലേക്ക് യാത്രയായത്. കുടുംബത്തിന്റെ അത്താണിയാകുക മാത്രമായിരുന്നു ലക്ഷ്യം. അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലിചെയ്തുണ്ടാക്കിയ ചെറിയ തുകയായിരുന്നു ജലീലിന്റെ കുടുംബത്തിന്റെ ആശ്രയം. ഈ കുടുംബത്തിന്റെ വരുമാനമാണ് ജലീല്‍ കൊല്ലപ്പെട്ടതോടെ ഇല്ലാതായത്.ജിദ്ദയില്‍ സൗദി എയര്‍ലൈന്‍സിലെ അറബി ഉദ്യോഗസ്ഥന്റെ വീട്ടിലെ ഡ്രൈവറായിരുന്നു ജലീല്‍. അട്ടപ്പാടിയില്‍ ഡ്രൈവറായിരുന്ന ജലീല്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷവാങ്ങി ഓടിക്കുകയായിരുന്നു.ഓട്ടോറിക്ഷയിലെ വരുമാനം കുറഞ്ഞതോടെയാണ് ഓട്ടോറിക്ഷവിറ്റ് കിട്ടിയ പണംകൊണ്ട് ജിദ്ദയിലേക്ക് പോയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ തൊഴില്‍ദാതാവ് എടുത്തുകൊടുക്കുന്ന വിമാന ടിക്കറ്റിലാണ് ജലീല്‍ വീട്ടിലേക്ക് വന്നുപോയിരുന്നത്. ജലീലിന്റെ സ്വപ്നം ഒരുനല്ല വീടായിരുന്നുവെങ്കിലും അതിനുള്ള പണം സ്വരൂപിക്കാന്‍ കഴിയാതെ അഗളി പഞ്ചായത്ത് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് വീട് യാഥാര്‍ഥ്യമായത്.നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ജലീല്‍ അറബിക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നതായി ജലീലിന്റെ ബന്ധു ഷിഹാബുദ്ദീന്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനുശേഷം ഞായറാഴ്ച വീട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബം ജലീലിനെ കാണുന്നത് വ്യാഴാഴ്ച അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ്.