25 April 2024 Thursday

തണൽ വെൽഫെയർ സൊസൈറ്റിയുടെ വാർഷിക സംഗമം മെയ് 24ന് നടക്കും

ckmnews

തണൽ വെൽഫെയർ സൊസൈറ്റിയുടെ

വാർഷിക സംഗമം മെയ് 24ന് നടക്കും


മാറഞ്ചേരി:പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് കൊണ്ട് ഒരു പ്രദേശത്തിന് തണലേകി പതിമൂന്ന് വർഷങ്ങൾ പിന്നിടുന്നു. കേരളത്തിലെ പ്രഥമ പലിശ രഹിത അയൽക്കൂട്ട സംവിധാനം രൂപപ്പെടുത്തിയ മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സംഗമം മെയ് 24 ചൊവ്വാഴ്ച 3 മണി മുതൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് ശേഷം 3 മണി മുതൽ തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ സംഗമത്തിന് തുടക്കമാകും. വാർഷിക സമ്മേളനം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും. മികച്ച അയൽ കൂട്ടങ്ങളെ ഇൻഫാഖ് ചെയർമാൻ കളത്തിൽ ഫാറൂഖ് ആദരിക്കും.വിവിധ മത്സരവിജമകളെ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്തും മികച്ച തണൽ പുരയിട കർഷകരെ കാർഷിക സർവകലാശാല പ്രൊഫസർ ഡോ.പി.കെ. അബ്ദുൽ ജബ്ബാറും  ആദരിക്കും. വിവിധ മേഖലകളിലുള്ളവർ ആശംസകൾ അർപ്പിക്കും.ഫർഷാദ് നയിക്കുന്ന ഗാനമേളയും അരങ്ങേറും.മാറഞ്ചേരി മുക്കാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണലിന് 2 കി.മീറ്റർ ചുറ്റളവിൽ 110 സംഗമം അയൽ കൂട്ടങ്ങളിലായി രണ്ടായിരത്തിൽ പരം അംഗങ്ങൾ ഉണ്ട്. കൂടാതെ 4 സബ് സെന്ററുകളിലായി (പുറങ്ങ്, പരിച്ചകം, പഴഞ്ഞി , വെളിയങ്കോട്) നൂറിൽപരം അയൽക്കൂട്ടങ്ങളിൽ രണ്ടായിരത്തോളം പേർ അംഗങ്ങളാണ്.അംഗങ്ങളിലെ സമ്പാദ്യം ഉപയോഗപ്പെടുത്തി അംഗങ്ങൾക്കിടയിൽ പലിശരഹിത വായ്പ,തൊഴിൽ സംരംഭങ്ങൾക്കുള്ള പലിശ രഹിത സഹായം എന്നിവയാണ് മുഖ്യമായും ചെയ്ത് വരുന്നത്.വറുതിയിലായ കഴിഞ്ഞ കൊറോണ കാലത്ത് മാത്രം 4 കോടി 70 ലക്ഷം രൂപയാണ് പലശയില്ലാതെ ഇവർ പരസ്പരം സഹായിച്ചത്.കാരുണ്യത്തിന്റെ പ്രവാഹം ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകി. കഴിഞ്ഞ 13 വർഷങ്ങൾക്കിടയിൽ 15 കോടിയിൽ പരം രൂപ പലിശ രഹിത സഹായമായി ഈ കൂട്ടായ്മ പരസ്പരം നൽകി.ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 500 ഓളം കുടുംബങ്ങൾ പങ്കാളിയായി തണൽ പുരയിട കൃഷി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. സ്വയം തൊഴിൽ മേഖലയിൽ ആസൂത്രിതമായ പരിശീലനവും സംരംഭകർക്ക് പലിശ രഹിത സഹായവും ചെയ്ത് വരുന്നു. മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണം, ഗൈഡൻസ് പ്രോഗ്രാമുകൾ എന്നിവയും തണൽ സംഘടിപ്പിച്ച് വരുന്നു.കുട്ടികളിൽ നല്ല ശീലം വളർത്തുന്നതിനും സമ്പാദ്യശീലം ഉണ്ടാകുന്നതിനുമായി ബാലസഭകളും തണലിന് കീഴിൽ പ്രവർത്തിക്കുന്നു. 500 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.തണലിന്റെ പ്രവർത്തനങ്ങളെ മാതൃകയാക്കി ഇൻ ഫാക് സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റിക്ക് കീഴിൽ 250 ൽ പരം പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് പേർ അംഗങ്ങളായ സംഗമം പലിശ രഹിത അയൽ കൂട്ടങ്ങൾ പ്രവർത്തിക്കുന്നു.കൂടുതൽ മേഖലകളിലേക്ക് തണലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പരിപാടികളുമായി 14-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.പത്രസമ്മേളനത്തിൽ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്,വൈ.പ്രസിഡന്റ് ചിറ്റാറിയിൽ കുഞ്ഞു ,ട്രഷറർ ടി. ഇബ്രാഹിം കുട്ടി എക്സി. അംഗം പി. അബ്ദുസ്സമദ് എന്നിവർ പങ്കെടുത്തു.