23 April 2024 Tuesday

പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം കോരിച്ചൊരിയുന്ന മഴക്കിടെ തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി

ckmnews

പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം

കോരിച്ചൊരിയുന്ന മഴക്കിടെ തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി


തൃശ്ശൂർ:കാത്തിരിപ്പിനൊടുവിൽ നടന്ന പൂരം വെടിക്കെട്ടോടെ തൃശ്ശൂർ പൂരത്തിന്  ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് പുരം വെടിക്കെട്ട് നടന്നത്. മഴ മാറി നിന്ന ചെറിയ ഇടവേളയിൽ ജില്ലാ ഭരണകൂടം ഇടപെട്ട് വെടിക്കെട്ട് പെട്ടെന്ന് നടത്തുകയായിരുന്നു. അനിശ്ചിതമായി നീണ്ട വെടിക്കെട്ട്കഴിഞ്ഞതോടെ കൊടും മഴയത്ത് കരിമരുന്നിന് കാവലിരുന്ന ദേവസ്വം അധികൃതർക്കും പൊലീസിനും ജില്ലാഭരണകൂടത്തിനും ആശ്വാസമായി. വെടിക്കെട്ടിന് പിന്നാലെ തൃശ്ശൂർ നഗരത്തിൽ മഴ ആരംഭിക്കുകയും ചെയ്തു. 




ഉച്ചയ്ക്ക് രണ്ടു മണിയോടെ പാറമേക്കാവിൻ്റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. തേക്കിൻ കാട് മൈതാനത്ത് വച്ചാണ് ഇരുകൂട്ടരും രണ്ടായിരം കിലോ വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നടത്തിയത്. അതേസമയം ഉച്ചസമയത്ത് വെടിക്കെട്ട് നടത്തിയതോടെ വെടിക്കെട്ടിൻ്റെ ആകാശക്കാഴ്ചകൾ പൂരപ്രേമികൾക്ക് നഷ്ടമായി.


കനത്ത മഴ മൂലം മൂന്ന് തവണ മാറ്റിവച്ച ശേഷമാണ് തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നത്. ഇന്ന് രാവിലെയും തേക്കിൻകാട് മൈതാനടമക്കം തൃശ്സൂർ നഗരത്തിൽ മഴ പെയ്തിരുന്നു.എന്നാൽ പതിനൊന്നു മണിയോടെ മഴ തോർന്നതോടെ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വൈകുന്നേരം വരെ കാത്തിരിക്കാൻ ആലോചനയുണ്ടായെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ ഒരുറപ്പും ഇല്ലാതെ വന്നതോടെ അതിവേഗം വെടിക്കെട്ടിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ട് നീണ്ടു പോയ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ഇരുദേവസ്വങ്ങളും വെട്ടിക്കെട്ട് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്


തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതിന് പിന്നാലെ മെയ് പതിനൊന്നിന് പുലർച്ചെ പൂരം വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രാത്രി മഴപെയ്തതോടെ അന്ന് വൈകിട്ട് ഏഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവച്ചു. വൈകിട്ടും മഴ പെയ്തതോടെയാണ് അടുത്ത ദിവസത്തേക്ക് മാറ്റി. മഴ തുടർന്നതോടെ വെടിക്കെട്ടിനായി പത്ത് ദിവസം കാത്തിരിക്കേണ്ടി വന്നു. ഇത്രയും കനത്ത സുരക്ഷയിലാണ് ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട് പുരയില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സിറ്റി പൊലീസും ഇത്ര ദിവസവും തേക്കിൻകാട് മൈതാനത്ത് അതീവജാഗ്രതയോടെ കാവലിരിക്കുകയായിരുന്നു.