25 April 2024 Thursday

ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രവാസി വെട്ടേറ്റു മരിച്ച സംഭവം; 3 പേർ കസ്റ്റഡിയിൽ

ckmnews

ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രവാസി വെട്ടേറ്റു മരിച്ച സംഭവം; 3 പേർ കസ്റ്റഡിയിൽ


പാലക്കാട്:സൗദിയിൽനിന്നു നാട്ടിലേക്കു പുറപ്പെട്ട് നെടുമ്പാശേരിയിൽ എത്തിയ ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ അഗളി സ്വദേശി വെട്ടേറ്റതടക്കമുള്ള പരുക്കുകളോടെ മരിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് കസ്റ്റഡിയിൽ ഉള്ളത്. മലപ്പുറം ആക്കപ്പറമ്പിലെ വഴിയരികിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അഗളി വാക്യത്തൊടി അബ്ദുൽ ജലീൽ (42) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതിനു പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാളെ തിരിച്ചറിഞ്ഞെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. 


കാണാതായി നാലാം ദിവസമാണ് ജലീലിനെ വെട്ടേറ്റ പരുക്കുകളോടെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് വെന്റിലേറ്ററിലായിരുന്ന ജലീൽ രാത്രി 12.15 ഓടെ മരിച്ചു. ആശുപത്രി അധികൃതരാണു പൊലീസിൽ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ച വിവരം നെറ്റ് കോളിലൂടെ ഒരാൾ ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ 15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും ഉമ്മയും അടക്കമുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ അറിയിച്ചതായി വീട്ടുകാർ പറയുന്നു.


തുടർന്നാണു ദുരൂഹതകളുടെ തുടക്കം. പിറ്റേന്നു രാവിലെയായിട്ടും ജലീൽ വീട്ടിലെത്താത്തതിനെ തുടർന്ന് അഗളി പൊലീസിൽ വിവരം അറിയിച്ചിരുന്നു. വീടിന്റെ എതിർവശത്താണു പൊലീസ് സ്റ്റേഷൻ. ഭാര്യയുമായി ജലീൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതിനാൽ പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു കടന്നിരുന്നില്ല.16നു രാത്രിയാണ് ഇയാൾ ഭാര്യയുമായി അവസാനം സംസാരിച്ചത്. പിറ്റേന്നു രാവിലെ വിളിക്കാമെന്നും കേസ് കൊടുത്തിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതു മറ്റാരോ ചെയ്യിപ്പിച്ചതാണെന്ന സംശയത്തിലാണു കുടുംബം. പിന്നീട് ഇന്നലെ രാവിലെ അജ്ഞാതൻ വിളിച്ച് അറിയിച്ച പ്രകാരം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണു ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മർദനമേറ്റ പരുക്കുണ്ടായിരുന്നു.