20 April 2024 Saturday

തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാന്‍ ശുപാര്‍ശ

ckmnews

തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാന്‍ ശുപാര്‍ശ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെതാണ് ശുപാര്‍ശ. രാജ്യത്തെ അസമത്വം കുറയ്ക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു.


ഇന്ത്യയിലെ വരുമാന അസമത്വത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് രാജ്യത്തു വരുമാന അസമത്വം അതീവ ഗൗരവമാണെന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്.


വരുമാന വര്‍ധനവ് ഒരു വിഭാഗത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമനഗര മേഖലകളില്‍ തൊഴിലാളി പങ്കാളിത്വത്തിലും അസമത്വം പ്രകടമാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പശ്ചാത്താളത്തിലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍, നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്കായി തൊഴിലുറപ്പ്പദ്ധതി നടപ്പാക്കണം എന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നത്.


നഗരങ്ങളിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ ലക്ഷ്യം വച്ചാണ് ശുപാര്‍ശ. രാജ്യത്തെ അസമത്വം കുറയ്ക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും കുറഞ്ഞ വരുമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.


സാര്‍വത്രിക അടിസ്ഥാന വരുമാനം നടപ്പിലാക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാര്‍ ബിബേക് ദിബ്രോയിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.