20 April 2024 Saturday

എല്ലാ തദ്ദേശഭരണ സ്ഥാനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

ckmnews

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നേരിടുന്നതിനായാണ് തദ്ദേശഭരണ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതു പ്രകാരം സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി നൂറു കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കുള്ള സെന്ററുകള്‍ക്ക് നാല്പതു ലക്ഷവും ഇരുന്നൂറു കിടക്കകള്‍ക്ക് മുകളിലുള്ള സെന്ററുകള്‍ക്ക് അറുപതു ലക്ഷം രൂപയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കും.

ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശ പ്രകാരമായിരിക്കും ഓരോ പ്രദേശത്തും ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുക. സിഎഫ്എല്‍ടിസിയായി ഉപയോഗിക്കുന്ന കെട്ടിടം കണ്ടേത്തേണ്ട ചുമതല അതാത് തദ്ദേശഭരണ സ്ഥാപനത്തിനാണ്. സിഎഫ്എല്‍ടിസിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ അധ്യക്ഷ/അധ്യക്ഷന്‍ ചെയര്‍പേഴ്‌സനായ കമ്മിറ്റിയും ഉണ്ടാകും. ഈ കമ്മിറ്റിയായിരിക്കും സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുക. സെന്ററുലളിലുണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, മാലിന്യ പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളും ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ട്.