24 April 2024 Wednesday

കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ച്ച പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ പരിശോധന ഇന്ന്

ckmnews

കോഴിക്കോട്: നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ  പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.


ഇതും വിജിലൻസ് പരിശോധിക്കും. നിർമ്മാണത്തിൽ അപാകതയുണ്ടോ എന്നും പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും പരിശോധിക്കും.കേരള റോഡ് ഫണ്ട്‌ ബോർഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിർമ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു.