28 March 2024 Thursday

സ്ത്രീധന പീഡനം, ആത്മഹത്യ; വിസ്മയ കേസിൽ വിധി 23-ന്

ckmnews

കൊല്ലം: വിസ്മയ കേസിൽ മേയ് 23-ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്.


ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും  പീഡിപ്പിച്ചതായി ഭർത്താവ് കിരൺകുമാറിനെതിരേയാണ് കേസ്.


2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.


പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.


കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.