23 April 2024 Tuesday

'താജ്മഹലില്‍ അടച്ചിട്ട മുറികളില്‍ വിഗ്രഹങ്ങള്‍ ഇല്ല'; ആരോപണം തള്ളി ആർക്കിയോളജിക്കൽ വകുപ്പ്

ckmnews

ദില്ലി:  താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി എഎസ്ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്ഐ വ്യക്തമാക്കി. ചില മുറികളുടെ ചിത്രങ്ങളും എഎസ്ഐ പുറത്തുവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്ഐ ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു.


പല തവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വി​ഗ്രഹങ്ങളൊന്നുമില്ല. എഎസ്ഐയുടെ വെബ്സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്ഐ വ്യക്തമാക്കി. താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന‌ വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ ഹർജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്.