29 March 2024 Friday

അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണുകാണാത്ത നവജാത ശിശുവിന്റെ മൃതദേഹം ഒരാഴ്ചക്ക് ശേഷം കണ്ടെത്തി

ckmnews

അമ്മയുടെ കൈയിൽനിന്ന് പുഴയിലേക്ക് വീണ് കാണാതായ 11 ദിവസം പ്രായമായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ അമ്മയുടെ കൈയിൽ നിന്നാണ് 11 ദിവസം പ്രായമുള്ള പെൺകുട്ടിയെ കാണാതായത്. ഇവിടേനിന്നു രണ്ടുകിലോ മീറ്റർ  മാറി കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്


ഇന്നലെ ഉച്ചയോടെ മീൻപിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കരയോടുചേർന്ന് ചപ്പുചവറുകൾക്കിടയിൽ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവ്തന്നെ നാട്ടുകാരെയും പോലീസിനേയും വിവരമറിയിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയർ വൊളന്റിയർമാരും ചേർന്നാണ് മൃതദേഹം കരയിലേക്കെടുത്തത്.


എസ്‌ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിൽ മൃതദേഹം പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35കാരിയുടെ കൈയിൽ നിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.


മപ്പാട്ടുകര പാലത്തിന് അരക്കിലോ മീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ പുഴയിൽ വീണ കാര്യം പറഞ്ഞത്. റെയിൽപ്പാലത്തിന് മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ ട്രോളിക്കൂടിലേക്ക് മാറി. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.


നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയിൽ തിരച്ചിലാരംഭിച്ചിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് ബുധനാഴ്ച വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ് വയസുള്ള മകനുമുണ്ട്.