25 April 2024 Thursday

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി: 182 സ്ഥാനാർത്ഥികളും 77,634 വോട്ടർമാരും

ckmnews

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.



182 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 79 പേർ സ്ത്രീകളാണ്. 36,490 പുരുഷൻമാരും 41,144 സ്ത്രീകളും ഉൾപ്പെടെ മൊത്തം 77,634 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി ആകെ 94 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക.


സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള പൊലീസ് സേനയെ വിന്യസിക്കും. വോട്ടെണ്ണൽ മേയ് 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in സൈറ്റിലെ TREND – ൽ ലഭ്യമാകും. പോളിംഗ് ബൂത്തിൽ വോട്ടർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.