28 March 2024 Thursday

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

ckmnews

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു


സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോർട്ടുകൾ.ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി പാഡണിഞ്ഞു.


റോയ് എന്ന് സഹതാരങ്ങൾ വിളിച്ചിരുന്ന സൈമണ്ട്സ് ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു.


ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായി സൈമണ്ട്സിന്റെ വിയോഗം.



2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.


198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സൈമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.


ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.