20 April 2024 Saturday

ചങ്ങരംകുളം ചിയ്യാനൂരിൽ കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും


ചങ്ങരംകുളം:ചിയ്യാനൂരിൽ കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും.ചങ്ങരംകുളം ചിയ്യാനൂരിൽ ചിറകുളത്തിലാണ് ശനിയാഴ്ച വൈകിയിട്ട് നീന്തലറിയാത്ത 4 കുട്ടികൾ കുളിക്കാനെത്തിയത്.ഇതിൽ മൂന്ന് കുട്ടികളാണ് കുളിക്കാൻ കുളത്തിലിറങ്ങിയത്.ഒരു കുട്ടി മുങ്ങി താഴാൻ തുടങ്ങിയതോടെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് കുട്ടികൾ കൂടി അപകടത്തിൽ പെടുകയായിരുന്നു.


ഇതിനിടെ വളയംകുളത്തെ ചുമട്ടു തൊഴിലാളി കൂടിയായ ഷാജിയുടെ ബൈക്ക് കുളത്തിന് സമീപത്ത് വച്ച് പഞ്ചറായി.പ്രദേശത്തെ മൊബൈൽ പഞ്ചർ സർവീസ് ചെയുന്ന മുനീബ് എത്തി പഞ്ചർ അടക്കുന്നതിനിടെയാണ് കരയിൽ നിന്നിരുന്ന കുട്ടി ഷാജിയോടും മുനീബിനോടും മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിയെന്നും നീന്തലറിയില്ലെന്നും പറയുന്നത്.മുനീബിന് നീന്തൽ വശമില്ലാത്തതിനാൽ ഷാജി ഉടനെ തന്നെ കുളത്തിലേക്ക് ചാടി കുളത്തിൽ മുങ്ങിക്കൊണ്ടിരുന്ന രണ്ടു പേരെ കരക്ക് കയറ്റി.ക്ഷീണിതനായ ഷാജി കരയിൽ ഇരിക്കുമ്പോഴാണ് ഒരു കുട്ടി കൂടി വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് മറ്റു കുട്ടികൾ പറയുന്നത്.എന്നാൽ ആദ്യത്തെ രണ്ടുപേരെ കരക്ക് കയറ്റുമ്പോഴേക്കും ഷാജിയും അവശനിലയിൽ ആയിരുന്നു.മുനീബും ഷാജിയും ഉറക്കെ ബഹളം വച്ചതോടെ സമീപത്തെ ചായക്കടയിൽ നിന്ന് ആളുകൾ വന്നു നോക്കുമ്പോഴാണ് മൂന്നാമത്തെ കുട്ടി വെള്ളത്തിൽ താഴ്ന്ന് കൊണ്ടിരിക്കുന്ന കാഴ്ച കാണുന്നത്‌.കുളത്തിന് സമീപത്ത് തന്നെ താമസിക്കുന്ന മുഹമ്മദ് ഉടൻ തന്നെ കുളത്തിലേക്ക് ചാടി വളരെ പ്രയാസപ്പെട്ടാണ് മൂന്നാമത്തെ കുട്ടിയെയും കരക്കു കയറ്റിയത്.പടിഞ്ഞാറെ ചിയ്യാനൂരിൽ താമസിക്കുന്ന നീന്തൽ അറിയാത്ത ബന്ധുക്കളായ കുട്ടികൾ വീട്ടുകാർ അറിയാതെയാണ് കുളിക്കാൻ എത്തിയത്.വെള്ളത്തിൽ പൊങ്ങികിടക്കാൻ വേണ്ടി അരയിൽ കെട്ടിയ പ്ളാസ്റ്റിക് കുപ്പി വേർപെട്ടതോടെയാണ് ആദ്യത്തെ കുട്ടി അപകടത്തിൽ പെട്ടത്.രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് കുട്ടികൾ കൂടി അപകടത്തിൽ പെടുകയായിരുന്നു.മുനീബിന്റെയും ഷാജിയുടെയും മുഹമ്മദിന്റെയും അവസരോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവും നാടിനെ വലിയ ഒരു ദുരന്തത്തിത്തിൽ നിന്നാണ് കര കയറ്റിയത്.ഏതാനും വർഷം മുമ്പാണ് കുളത്തിന് സമീപത്ത് വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചത്.മഴക്കാലമാകുന്നതോടെ കുളങ്ങളും തോടുകളും മറ്റു വെള്ളക്കെട്ടുകളും വലിയ ദുരന്തങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുമെന്നും നീന്തലറിയാത്ത കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്