29 March 2024 Friday

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ckmnews

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി


തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത്  മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ  ലഭിക്കാൻ സാധ്യതയുള്ളതിനാൽ  മുന്നൊരുക്കങ്ങൾ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചത്. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് ഓൺലൈൻ യോഗം. റെഡ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ച 8 ജില്ലകളിലെ കളക്ടർമാരും യോഗത്തില്‍ പങ്കെടുക്കും. 


സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദേശമാണ് നല്‍കിയിരിക്കുന്നത്.


കാലവർഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്നും മേഘങ്ങൾ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന്‍റെ തീരദേശപാതിയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനെയും കരുതണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. തിങ്കളാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും. 


ഇക്കുറി പതിവിലും നേരത്തെ കാലവർഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജൻസികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്.നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തും. കേരളത്തിൽ 27ന് കാലവർഷം തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള ( model error ) സാധ്യതയുമുണ്ട്. സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റിന്‍റെ പ്രവചനപ്രകാരം കേരളത്തിൽ മെയ്‌ 26  കാലവർഷം എത്തിച്ചേരാനാണ് സാധ്യത.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്