18 April 2024 Thursday

കൊച്ചിയിലെ വാടകവീട്ടിൽ 100 കിലോ ചന്ദനത്തടികൾ; 5 പേർ പിടിയിൽ

ckmnews

കൊച്ചി പനമ്പിള്ളി ന​ഗറിൽ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ പിടികൂടി. ഇവ വിൽക്കാൻ പാകമാക്കിയ നിലയിലായിരുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരുകയാണ്. ഇതിൽ നാല് പേർ ഇടുക്കി സ്വദേശികളും ഒരാൾ താമരശേരി സ്വദേശിയുമാണ്.


ചന്ദനത്തടികൾ ഫോറസ്റ്റ് ഓഫീസർമാർ പിടിച്ചെടുത്തു. പ്രതികൾ ഇടുക്കിയിലും മൂവാറ്റുപുഴയിലും ഉൾപ്പടെ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ചന്ദനത്തടികൾ ഇടുക്കിയിൽ നിന്ന് എത്തിച്ചതാവാമെന്നാണ് വനംവകുപ്പ് കരുതുന്നത്. 20 ലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളാണെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഇന്റലിജൻസ് വിങ്ങിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


സ്വകാര്യ സ്ഥലത്ത് നിന്നാണ് ചന്ദനത്തടികൾ എത്തിച്ചതെന്നാണ് പിടിയിലായവർ പറയുന്നത്. എന്നാൽ പ്രതികളെ ഇടുക്കിയിലെത്തിച്ച് പരിശോധന നടത്തിയാൽ മാത്രമേ അത് വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വ്യക്തമാക്കി. സമാന രീതിയിൽ ഇതിന് മുമ്പും ചന്ദനത്തടികൾ കടത്തിയിട്ടുണ്ടോ എന്ന കാര്യവും വനംവകുപ്പ് അന്വേഷിക്കുകയാണ്.