28 March 2024 Thursday

രാഷ്ട്രീയ സാധ്യത തേടി അരവിന്ദ് കെജ്രിവാൾ ഇന്ന് കൊച്ചിയിലെത്തും

ckmnews

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കൊച്ചിയിലെത്തും. ട്വൻറി- 20 യും ആം ആദ്മി പാർട്ടിയും തമ്മിലെ സഹകരണം കെജ്രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് കെജ്രിവാൾ പൊതുസമ്മേളത്തിൽ പ്രസംഗിക്കും.


എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആം ആദ്മി പാർട്ടിയുടെ ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാർട്ടികളും സംയുക്തമായി അറിയിച്ചത്.


അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ പ്രചാരണ ചൂടേറുകയാണ്. ഇടത് ക്യാംപിനായി തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. ഇന്ന് മുതല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎല്‍എമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്.