19 April 2024 Friday

ഒറ്റമൂലി രഹസ്യത്തിനായി കൊലപാതകം:ഷൈബിന്റെ ഭാര്യയെ ചോദ്യം ചെയ്തു; നൗഷാദ് കസ്റ്റഡിയിൽ

ckmnews

ഒറ്റമൂലി രഹസ്യത്തിനായി കൊലപാതകം:ഷൈബിന്റെ ഭാര്യയെ ചോദ്യം ചെയ്തു; നൗഷാദ് കസ്റ്റഡിയിൽ


മൈസൂരു/നിലമ്പൂർ ∙ ഒറ്റമൂലി രഹസ്യം ലഭിക്കാനായി മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊന്നു കഷണങ്ങളാക്കി പുഴയിൽ തള്ളിയ കേസിൽ അറസ്റ്റിലായ തങ്ങളകത്ത് നൗഷാദിനെ മഞ്ചേരി കോടതി 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾ നടത്തിയ വെളിപ്പെടുത്തലുകളാണ് ഷാബാ ഷരീഫിന്റെ കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്.


മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയെ അന്വേഷണസംഘം ബത്തേരിയിൽനിന്നു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിലാണു ഷാബാ ഷരീഫിനെ തടവിലിട്ടിരുന്നത്. അക്കാലത്ത് ഷൈബിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എന്നാൽ, താഴെ താമസിച്ചിരുന്ന താൻ കാര്യങ്ങൾ അറിഞ്ഞില്ലെന്നു ഭാര്യ മൊഴി നൽകിയെന്നാണു സൂചന. നൗഷാദിനോടൊന്നിച്ച് ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും.



നൗഷാദിനെ സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ചു ഇന്നു തെളിവെടുപ്പു നടത്തും. ഷൈബിനെ വീട്ടിൽ കയറി ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ പ്രതി കൂടിയാണു നൗഷാദ്. അറസ്റ്റിലായ മറ്റു പ്രതികളായ ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ 2 ദിവസം കഴിഞ്ഞു കസ്റ്റഡിയിൽ വാങ്ങാനാണു പൊലീസിന്റെ പദ്ധതി.


ഡിവൈഎസ്പിമാരായ സാജു കെ.ഏബ്രഹാം, കെ.എം.ബിജു, ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസും മൈസൂരുവിൽ എത്തിയിട്ടുണ്ട്.


അതേസമയം, 10 വർഷം മുൻപ് ഗൾഫിൽ പോയ ഷൈബിൻ 5 വർഷംകൊണ്ട് ഇത്രയധികം സ്വത്ത് സമ്പാദിച്ചതിൽ ദുരൂഹതയുള്ളതിനാൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിയേക്കും. ഷൈബിൻ 2 കോടി രൂപ നൽകിയാണ് മുക്കട്ടയിലെ വീടു വാങ്ങിയത്. 4 ആഡംബര കാറുകൾ ഈ വീട്ടുമുറ്റത്തുണ്ട്. ബത്തേരിയിൽ 3 വീടുകളുള്ള സമുച്ചയമുണ്ട്. 7 വാഹനങ്ങൾ അവിടെ കണ്ടെത്തി. ഗൾഫിൽ 2 റസ്റ്ററന്റുകളും ഇയാൾക്കുള്ളതായി പറയുന്നു. അവയിൽനിന്ന് മാസം 20 ലക്ഷം രൂപ വരുമാനം ഉണ്ടെന്നാണു ഷൈബിൻ പറയുന്നത്. താമരശ്ശേരി ഈങ്ങാപ്പുഴയിൽ വ്യവസായ പ്രോജക്ട് നിർമാണം പുരോഗമിക്കുന്നു. കൂടാതെ ബെനാമികളെ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറ‍ഞ്ഞു.