20 April 2024 Saturday

പിസി ജോര്‍ജ്ജിനെ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കും' അറസ്റ്റിന് തിടുക്കമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

ckmnews

പിസി ജോര്‍ജ്ജിനെ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കും'


അറസ്റ്റിന് തിടുക്കമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍


കൊച്ചി: വെണ്ണലയിലെ പരിപാടിയിലേക്ക് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകര്‍ ക്ഷണിച്ചതെന്ന് അന്വേഷിക്കും. പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുമെന്നും തിടുക്കമില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

'കേസില്‍ പി സി ജോര്‍ജ്ജ് 135 എ, 295 എ കുറ്റങ്ങള്‍ ചെയ്തുവെന്ന് തെളിഞ്ഞു. അദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ചതിന്റെ പശ്ചാത്തലം കൂടി അന്വേഷിക്കും. ആരാണ് വിളിച്ചത്, എന്തുകൊണ്ടാണ് വിളിച്ചത് എന്നതെല്ലാം പ്രധാനപ്പെട്ടതാണ്. ഒരു കേസ് ഉണ്ടായിട്ടും വീണ്ടും എന്തിന് വിളിച്ചു, അദ്ദേഹം ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് അറിഞ്ഞിട്ടും എന്തിന് വിളിച്ചു എന്നെല്ലാം അന്വേഷിക്കണം.' സി എച്ച് നാഗരാജു പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജ്ജിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞത്