29 March 2024 Friday

വാഹനങ്ങള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ckmnews

കുന്നംകുളം:കുന്നംകുളം കെ.എസ്.ഇ.ബി. ഡിവിഷന്‍ ഓഫീസിന് മുന്‍വശത്തായി സജ്ജമാക്കിയ ചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍ എംഎല്‍എ എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി മലിനീകരണം ലഘൂകരിച്ച് ഊര്‍ജ സുരക്ഷ ഉറപ്പാക്കിയാണ് കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കുന്നത്. 


വാഹന ഉടമകളുടെ നാട്ടെല്ല് ഒടിക്കുന്ന

ഇന്ധന വിലവര്‍ദ്ധനവ് മൂലം ഉള്ള പ്രയാസം ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കല്‍ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് 56 ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നാലുചക്ര വാഹനങ്ങള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജിംഗ് സംവിധാനമാണ് കുന്നംകുളത്തുള്‍പ്പെടെ ആദ്യഘട്ടം ഒരുക്കിയിട്ടുള്ളത്.


 ഓട്ടോറിക്ഷകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിംഗ് സംവിധാനം ഒരുക്കുന്നത് പുരോഗമിച്ചു വരികയാണ്. കാറിന്റെ ബാറ്ററി 45 മിനിറ്റ് കൊണ്ട് ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമാണ് കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. 122 കിലോവാട്ടിന്റെ ഒരു യൂണിറ്റും, 15 കിലോവാട്ടിന്റെ മൂന്ന് യൂണിറ്റുമാണ് സ്ഥാപിച്ചിരിക്കുന്നത്. ചാര്‍ജ്ജിങ് കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിച്ചിട്ടില്ലാത്തതിനാല്‍, സ്വന്തമായി വൈദ്യുതി ചാര്‍ജ്ജ് ചെയ്യേണ്ടിവരും. യൂണിറ്റ്, സമയം എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.


 ഒരു യൂണിറ്റിന് 15 രൂപയാണ് ഈടാക്കുക. 122 കിലോവാട്ട് യൂണിറ്റിന്റെ പ്ലഗ് പോയിന്റില്‍ നിന്നും ഒരേ സമയം മൂന്ന് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. സോഫ്‌റ്റ്വെയര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ചാര്‍ജ്ജിങ്ങ് സ്റ്റേഷന്റെ പ്രവര്‍ത്തനം. ചാര്‍ജ്ജിങ് നടത്തുന്നതിനായി കറന്റ് ചാര്‍ജ്ജ് എന്ന ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.