29 March 2024 Friday

പഞ്ചായത്തിൽ ഓഫിസിലെത്തുന്നവരെ സ്വീകരിക്കാൻ രണ്ട് പാമ്പുകൾ!; അതും ചില്ലറക്കാരല്ല, എട്ടടി മൂർഖന്മാർ

ckmnews

പഞ്ചായത്ത് ഓഫിസിലേക്ക് പരാതി പറയാനോ, അപേക്ഷ കൊടുക്കാനോ എത്തുമ്പോൾ രണ്ട് മൂർഖൻ പാമ്പുകൾ സ്വീകരിച്ചാൽ എങ്ങനെയുണ്ടാകും. കേൾക്കുമ്പോൾ തന്നെ പിന്തിരിഞ്ഞ് ഓടാൻ തോന്നില്ലേ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ്  കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്ത് ഓഫിസിൽ. രണ്ട് വലിയ മൂർഖൻ പാമ്പുകകളെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസിൽ കണ്ടത്. തുടർന്ന് പാമ്പുപിടുത്തക്കാരനെ വിളിച്ചുവരുത്തി പാമ്പുകളെ പിടികൂടി.


കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഓഫിസ് ജീവനക്കാരൻ ജോജോ തോമസ് അപേക്ഷകൾ സെക്‌ഷനുകളിലേക്കു കൈമാറാൻ പോയി തിരിച്ചെത്തിയപ്പോഴാണ് രണ്ട് മൂർഖൻ പാമ്പുകൾ ഓഫിസിനുള്ളിലൂടെ ഇഴഞ്ഞുപോകുന്നത് കണ്ടത്. പേടിച്ചുവിറച്ച് ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തത്തിൽ വിദ​ഗ്ധനായ തലപ്പലം സ്വദേശി ഇടത്തിൽ ജോബി എത്തി പാമ്പുകളെ പിടികൂടി.


വനം വകുപ്പിൽ വിവരമറിയിച്ചെന്ന് പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു.  ഇത്രയും തിരക്കേറിയ സ്ഥലത്ത് പാമ്പ് എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാർ ഇല്ലാത്ത സമയത്ത് പാമ്പുകൾ എത്തിയതാകാമെന്നാണ് നി​ഗമനം. എന്തായാലും പാമ്പുകൾ ആരെയും കടിച്ചില്ലെന്ന ആശ്വാസത്തിലാണ് ജീവനക്കാർ.