19 April 2024 Friday

സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; സിഎസ്ഐ മെഡി. കോളജ് ഹോസ്റ്റലിൽ പരിശോധന

ckmnews

കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിൽ ആരോ​ഗ്യവിഭാ​ഗത്തിന്റെ മിന്നൽ പരിശോധന. പെൺകുട്ടികളുടെ മെസിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി നശിപ്പിച്ചു. ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസില്ലെന്നും ആരോ​ഗ്യവിഭാ​ഗം കണ്ടെത്തി. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. എം ജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ മയോണൈസും മാംസവും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. സിലോൺ ബേക്ക് ഹൗസിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത സിന്തറ്റിക് കളർ കണ്ടെത്തി.സംസ്ഥാനത്തെ ഭക്ഷണശാലകളിൽ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് നേതൃത്വത്തിൽ പരിശോധനകൾ ഇന്നും തുടരുകയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി രാസവസ്തുക്കൾ കലർന്ന മത്സ്യവും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വരെ പഴകിയതും ഉപയോഗ ശൂന്യമായതുമായ 6205 കിലോഗ്രാം മത്സ്യമാണ് പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്.


സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷണശാലകളിൽ നല്ല ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ നിയമം കർശനമാക്കാക്കുകയാണ് ആരോഗ്യവകുപ്പ്. ഇതിനായി ഭക്ഷണശാലകളെ ഗ്രീൻ കാറ്റഗറി വിഭാഗത്തിലാക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച് ഉത്തരവ് പ്രാബല്യത്തിൽ വരും