25 March 2023 Saturday

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ

ckmnews

മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ് മോഷണം നടത്തിയ രാസാത്തി രമേഷ്.


ഷിബു ബേബി ജോണിന്റെ ഉപാസന നഗറിലെ വയലിൽ വീടും മോഷണം നടന്ന കുടുംബ വീടും ഒരേ പുരയിടത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കു ശേഷമാണ് മോഷണം നടന്നതെന്നു കരുതുന്നു. മോഷണം നടന്ന വിവരം ഇന്നലെ പകൽ 10 മണിയോടെ ആണു വീട്ടുകാർ മനസലാക്കിയത്.


ബേബി ജോണിന്റെ മരണ ശേഷം പത്നി അന്നമ്മ ബേബി ജോൺ പകൽ സമയങ്ങളിൽ മാത്രമേ കുടുംബ വീട്ടിൽ നിൽക്കാറുള്ളു. വൈകിട്ട് 6 മണിയോടെ തൊട്ടടുത്ത ഷിബു ബേബി ജോണിന്റെ വീട്ടിലേക്ക് പോകും. രാത്രി സമയങ്ങളിൽ കുടുംബ വീട്ടിൽ ആരും ഉണ്ടാകാറില്ല. വളർത്തു നായ്ക്കളെ രാത്രി 12 മണിയോടെ കൂട്ടിൽ കയറ്റുകയും ചെയ്യും. ഈ സമയക്രമങ്ങൾ വ്യക്തമായി മനസിലാക്കിയാണ് മോഷണം നടത്തിയത്.


മുൻ വശത്തെ വാതിൽ ഇരുമ്പ് വടി കൊണ്ട് കുത്തിത്തുറന്ന് ഗ്ലാസ് കതകുകളും തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. രണ്ടാം നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന മുറികൾ എല്ലാം കുത്തിത്തുറന്നു പരിശോധിച്ച നിലയിലായിരുന്നു.