20 April 2024 Saturday

ജിയോ 5ജി വരുന്നു; ,ഗൂഗിൾ 33,737 കോടി നിക്ഷേപിക്കുമെന്ന് റിലയൻസ്.

ckmnews



റിലയൻസ് ജിയോ 5ജി സേവനം ഉപയോക്താക്കൾക്ക് അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ 43-ാം വാര്‍ഷിക പൊതു യോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ ആണിതെന്നും മുകേഷ് പറഞ്ഞു.


“ഒന്നുമില്ലായ്മയില്‍ നിന്നും ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ സൃഷ്ടിച്ചു. അത് ഇന്ത്യയില്‍ ലോകോത്തര 5ജി സേവനം നല്‍കാന്‍ ഞങ്ങളെ സഹായിക്കും. 100 ശതമാനവും ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്ന്,” മുകേഷ് അംബാനി പറഞ്ഞു.


അടുത്ത തലമുറ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയാണ് 5ജി. 4ജി എല്‍ടിഇ കണക്ഷനുകള്‍ക്ക് പകരം 5ജി ഉപയോഗിക്കാം. ഇന്‍ര്‍നെറ്റിന്റെ വേഗത വര്‍ദ്ധിക്കും. 4ജി, 5ജി, ക്ലൗഡ് കംപ്യൂട്ടിങ്, ഉപകരണങ്ങള്‍, ഒഎസ്, ബിഗ് ഡാറ്റാ, എഐ, എആര്‍, വിആര്‍, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ 20-ല്‍ അധികം സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുമായി ചേര്‍ന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ലോകോത്തര കഴിവുകള്‍ വികസിപ്പിച്ചുവെന്നും മുകേഷ് അംബാനി പറഞ്ഞു.


ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാധ്യമങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങി എല്ലാ വിധ വ്യാവസായിക രംഗങ്ങള്‍ക്കും വേണ്ട സേവനങ്ങള്‍ നല്‍കാനാകുമെന്നും മുകേഷ് അംബാനി വ്യക്തമാക്കുന്നു.റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ വീണ്ടും വിദേശ ടെക് ഭീമന്മാരുടെ നിക്ഷേപം. ഇക്കുറി ഗൂഗിളാണ് നിക്ഷേപവുമായി വരുന്നത്. ജിയോ പ്ലാറ്റ്ഫോംസിന്റെ 7.7 ശതമാനം ഓഹരികളിലായി 33,737 കോടി രൂപയാണു ഗൂഗിൾ നിക്ഷേപിക്കുക. 43–ാം വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22നു ശേഷം ജിയോയിലെ 14–ാം നിക്ഷേപമാണിത്.നേരത്തെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, ക്വാൾകോം തുടങ്ങിയ കമ്പനികളും ജിയോയിൽ നിക്ഷേപിച്ചിരുന്നു. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. ഈ നിലയിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണു റിലയൻസ്. വിദേശനിക്ഷേപകരിൽനിന്നു മൂലധനസമാഹരണം നടത്തിയതോടെ കമ്പനി കടമില്ലാക്കമ്പനിയായി മാറിയെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസമാണു മുകേഷ് അംബാനി ലോക ധനികരില്‍ ആറാം സ്ഥാനം സ്വന്തമാക്കിയത്.

ടെക് ഭീമൻ ഇലോൺ മസ്കിനെയും ആൽഫബെറ്റ് സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് തുടങ്ങിയവരെയും പിന്തള്ളിയാണ് അംബാനി ആറാം സ്ഥാനത്തെത്തിയത്. ബ്ലൂംബർഗ് ബില്യനേഴ്സ് ഇൻഡക്സ് പ്രകാരം 72.4 ബില്യൻ ഡോളറാണ് അംബാനിയുടെ നിലവിലെ ആസ്തി. 70.1 ബില്യൻ ഡോളർ ആസ്തി നേടിയ അംബാനി കഴിഞ്ഞ ആഴ്ച പ്രമുഖ യുഎസ് നിക്ഷേപകൻ വാറൻ ബഫറ്റിനെ പിന്തള്ളിയിരുന്നു. ബ്ലൂംബർഗ് റാങ്കിങ്ങിലെ ആദ്യ അൻപതിൽ സ്ഥാനം നേടിയ ഒരേയൊരു ഇന്ത്യക്കാരനാണു മുകേഷ് അംബാനി.