16 April 2024 Tuesday

കൊവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ​ഗെയിംസ് മാറ്റിവെച്ചു

ckmnews

ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കൊവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ.


രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന 19-ാം ഏഷ്യൻ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.


ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിർമ്മാണം ഹാങ്‌ഷൗവിൽ പൂർത്തിയാക്കിയിരുന്നെന്ന് സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.