24 April 2024 Wednesday

കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

ckmnews

മുൻ എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്ലസ് ടു കോഴ കേസിൽ തുടർ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു.


പ്ലസ് ടു കോഴക്കേസിൽ ഇഡി ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ നടപടിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

2014ൽ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസിൽ നിരവധി തവണ കെഎം ഷാജിയെ ചോദ്യം ചെയ്തിരുന്നു.


എംഎല്‍എയായിരിക്കെ 2016ല്‍ ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും ഇയാൾക്ക് സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.


ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.