20 April 2024 Saturday

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ഇന്ന് ചർച്ച നടത്തും

ckmnews

കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചർച്ച ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്.


ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.


കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻ്റണി രാജുവിന്റെ പരാമർശം.