29 March 2024 Friday

ഇരുമ്പു വീപ്പ മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; അപകടം വീടുപണി നടക്കുന്ന സ്ഥലത്ത്

ckmnews

ഇരുമ്പു വീപ്പ മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; അപകടം വീടുപണി നടക്കുന്ന സ്ഥലത്ത്


മുതുകുളം ∙ തറയോട് ഒട്ടിക്കുന്ന പശ കൊണ്ടുവന്ന ഇരുമ്പു വീപ്പ ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുമ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് പൊള്ളലേറ്റു. മുതുകുളം ഹൈസ്കൂൾ ജംക്‌ഷന് സമീപം വീടുപണി നടക്കുന്ന സ്ഥലത്താണ് സംഭവം. ചേപ്പാട് ദേവ് ഭവനത്തിൽ മനോജ് (43), പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് വല്യത്ത് തെക്കതിൽ രഘു (51) എന്നിവർക്കാണ് പൊള്ളലേറ്റത്.


പശ കൊണ്ടുവന്ന ഒഴിഞ്ഞ ഒരു വീപ്പ മുറിച്ച്, രണ്ടാമത്തേതു മുറിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. വീപ്പയിൽ രാസവസ്തുവിന്റെ അംശം അടങ്ങിയിരുന്നതായും യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെയുണ്ടായ തീപ്പൊരി, വീപ്പയിൽ ബാക്കിയുണ്ടായിരുന്ന രാസവസ്തുവിൽ തെറിച്ചുവീണെന്നും കരുതുന്നു.



പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജിന് 40 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും വീട്ടുകാരും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.