29 March 2024 Friday

ഇന്ന് അക്ഷയ തൃതീയ; വിൽപന ആരംഭിച്ച് സ്വർണാഭരണ വിപണി

ckmnews

തിരുവനന്തപുരം : ഇന്ന് അക്ഷയ തൃതീയ . സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം ഈ വിശേഷ ദിനത്തിലെ വിപണനം ആരംഭിച്ചു കഴിഞ്ഞു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊവി‍ഡ് മൂലം ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് തീർക്കാൻ കൂടിയാണ് വ്യാപാരികൾ തയ്യാറെടുക്കുന്നത്. സ്വർണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എന്നുള്ളതും വ്യാപാരികൾക്ക് അനുകൂലമാകും. 

വലിയ പ്രതീക്ഷയാണ് ഈ ഏകദിന കച്ചവടത്തിൽ വ്യാപരികൾക്കുള്ളത്. 2020, 2021 വർഷങ്ങളിൽ കൊവിഡ് 19 പകർച്ചവ്യാധി തീർത്ത നിയന്ത്രണങ്ങൾ അക്ഷയതൃതീയ വിപണിയെ ശ്വാസംമുട്ടിച്ചിരുന്നു. ഓൺലൈൻ വ്യാപാരങ്ങളാണ് ഈ വർഷങ്ങളിൽ നടന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി അതിൽ നിന്നുള്ള ഒരു തിരിച്ചു വരവിനാണ് ഇപ്പോൾ വിപണി ഒരുങ്ങുന്നത്. മുൻ‌കൂർ ബുക്കിങ് പ്രകാരമുള്ള കച്ചവടങ്ങൾ എല്ലാ ജ്വല്ലറികളിലും ആരംഭിച്ചു കഴിഞ്ഞു. 

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്വർണവിലയിൽ കുറവുണ്ടായത് സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. ദേവീദേവന്മാരുടെ ലോക്കറ്റുകൾ, നാണയങ്ങൾ എന്നിവയോടാണ് ഈ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയം.