23 April 2024 Tuesday

വ്രതശുദ്ധിയുടെ 30 ദിവസം:സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

ckmnews


ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ ദിനങ്ങൾക്ക് പരിസമാപ്തിയായി എത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി.രണ്ട് വർഷം നീണ്ട കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും നീങ്ങിയതോടെ ഈ വർഷത്തെ ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.നഗരങ്ങളിൽ പെരുന്നാൾ കോടി വാങ്ങാനായി കുടുംബങ്ങൾ ഒന്നിച്ച് എത്തിയതോടെ വസ്ത്ര വ്യാപാര കടകളിലെല്ലാം സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. ചെരിപ്പ്, ഫാൻസി കടകളിലും റമദാന്‍റെ അവസാന ദിനങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെത്തി. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് സീസണുകൾ നഷ്ടമായതിന്‍റെ ആഘാതം മാറിയിട്ടില്ലെങ്കിലും ഇത്തവണ തരക്കേടില്ലാത്ത കച്ചവടം നടന്നതിന്‍റെ ആശ്വാസത്തിലാണ് വ്യാപാരികൾ. ഇറച്ചി, കോഴി, പച്ചക്കറി, മസാല കടകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തവണയും പെരുന്നാളിനോടനുബന്ധിച്ച് കോഴിയിറച്ചി വിലയിൽ വൻവർദ്ധനവ് ആണ് ഉണ്ടായത്.പുത്തനുടുപ്പുകളിട്ട് സുഗന്ധം പൂശി രാവിലെ ഈദ് ഗാഹിലേക്കോ (മൈതാനം) പള്ളിയിലേക്കോ പോകുന്നതാണ് പെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങ്. പെരുന്നാൾ നികാരത്തിന് മുമ്പായി ഫിത്ർ സകാത് വിതരണവും നടക്കും.പെരുന്നാൾ ദിനം പട്ടിണികിടക്കുന്നവർ ആരുമുണ്ടാവരുതെന്നതാണ് ഈ സകാതിന്‍റെ ലക്ഷ്യം. കോവിഡ് ഭീതികാരണം കഴിഞ്ഞ രണ്ടു വർഷമായി ഈദ്ഗാഹുകൾ നടന്നിരുന്നില്ല.പെരുന്നാൾ നിസ്കാരം പോലും പലയിടങ്ങളിലും ഒഴിവാക്കിയിരുന്നു.കോവിഡ് ഭീതി മാറി ആൾക്കൂട്ടം അനുവദനീയമായതിനാൽ ഈദുഗാഹുകളിൽ വിശ്വാസികൾ നിറയും.പരസ്പരം കൈ പിടിച്ചും ആശംസകൾ കൈമാറിയും കെട്ടിപ്പുണർന്നും പെരുന്നാൾ ആഘോഷിക്കാൻ അനുകൂല സാഹചര്യം ഒരുങ്ങിയതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ.പള്ളികൾക്ക് പുറമേ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വിവിധ സംഘടനകൾ ചേർന്ന് സംയുക്തമായി ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നുണ്ട്.പ്രധാന നഗരങ്ങളിൽ ഒന്നിലധികം മൈതാനങ്ങളിൽ ഈദ്ഗാഹുകൾ നടക്കുന്നുണ്ട്.എല്ലായിത്തും ഒരുക്കങ്ങൾ പൂർത്തിയായി.