25 April 2024 Thursday

ഉരു മുങ്ങി; ആറ് പേർ മണിക്കൂറുകൾ നടുക്കടലില്‍, ഒടുവില്‍ കോസ്റ്റ് ഗാർഡിനൊപ്പം ആശ്വാസ തീരത്തേക്ക്

ckmnews

കോഴിക്കോട്: ഉരു മുങ്ങി ആറ് പേ‍ർ നടുക്കടലിൽ കുടുങ്ങിക്കിടന്നത് ആറ് മണിക്കൂറോളം. കഴിഞ്ഞ ​ദിവസം രാത്രി 9 മണിയോടെ കെട്ടിട നിർമ്മാണ സാമഗ്രികളും കന്നുകാലികളുമായി ബേപ്പുർ തുറമുഖത്തുനിന്ന് ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലേക്ക്  പുറപ്പെട്ട ഉരുവാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്ത് സ്വദേശികളായ 6 പേരാണ് ഉരുവിലുണ്ടായിരുന്നത്. ബേപ്പൂരില്‍നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയപ്പോൾ കാലാവസ്ഥ തീരെ മോശമായി. ഉരുവിന്‍റെ എഞ്ചിന്‍റെ ഭാഗത്തെ ദ്വാരത്തിലൂടെ വെള്ളം ഇരച്ചുകയറി. ഉടനെ ബേപ്പൂരിലേക്ക് തന്നെ മടങ്ങാന്‍ ശ്രമം തുടങ്ങി. 


പക്ഷേ 7 നോട്ടിക്കല്‍ മൈല്‍ അകലയെത്തി നില്‍ക്കേ ഉരു പൂർണമായും അപകടാവസ്ഥയിലായി. ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകൾ വെള്ളം കയറി നശിച്ചു. ഉരു കരയ്ക്കെത്തില്ലെന്ന് ഉറപ്പായതോടെ ഉരുവിന്‍റെ ക്യാപ്റ്റന്‍ ലത്തീഫ് ഉരുവിലുണ്ടായിരുന്ന 13 കന്നുകാലികളുടെയും കയറുകൾ അറുത്തുമാറ്റിയിട്ടു. ലൈഫ് ബോട്ടില്‍ കയറി നടുക്കടലില്‍ മണിക്കൂറുകൾ കിടന്നു. ഒപ്പമുണ്ടായിരുന്നവരടക്കം 6 പേരും ഉരു മുങ്ങുന്നതിന് സാക്ഷിയായി.