28 March 2024 Thursday

വലിച്ച് തീര്‍ത്തത് 26 ലക്ഷം:സിഗരറ്റിന്റെ കണക്ക് കേട്ട് ഞെട്ടി അബ്ദുറഹ്‌മാൻ

ckmnews

വലിച്ച് തീര്‍ത്തത് 26 ലക്ഷം:സിഗരറ്റിന്റെ കണക്ക് കേട്ട് ഞെട്ടി അബ്ദുറഹ്‌മാൻ


ക്വാറൻറീൻ കഴിഞ്ഞിറങ്ങിയത് പുതിയ മനുഷ്യനായി.


എടപ്പാൾ:സമ്പർക്കവിലക്കിന്റെ 14-ാം നാൾ സന്നദ്ധപ്രവർത്തകർ വലിക്കാനായി നൽകിയ സിഗരറ്റ് അയാൾ തിരിച്ചുനൽകി.നാലുപതിറ്റാണ്ടിലേറെ നീണ്ട ഒരു ‘ദുർനടപ്പിനെ’ പടികടത്തിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് അബ്ദുറഹ്‌മാൻ. 20 വയസ്സിൽ പുകവലി തുടങ്ങിയതാണ്.ഇപ്പോൾ പ്രായം 62. പുകവലിക്കായി 42 വർഷമായി ചെലവിട്ടത് കുറഞ്ഞത് 26 ലക്ഷം രൂപ. ഗൾഫിൽനിന്ന് കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോൾ വേണ്ടി വന്ന 14 ദിവസത്തെ സന്പർക്കവിലക്കാണ് അബ്ദുറഹ്‌മാന് പുകവലി കൈവിടാൻ നിയോഗമായത്.സിഗരറ്റില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലായിരുന്നു. പ്രതിദിനം പത്തുപായ്ക്കറ്റ് വരെ വലിച്ച നാളുകൾ.വലിക്കാതെ ഇരിക്കാനാവാത്ത അവസ്ഥ.പുകവലിക്കാനായില്ലെങ്കിൽ വിറയൽ വരും. തീരെ കിട്ടാതായാൽ തല സ്വയം ചുമരിലിടിച്ച് അക്രമാസക്തനാകും. പലവട്ടം ഇത്തരത്തിൽ ബോധരഹിതനായി വീണു. വിമാനമിറങ്ങി എടപ്പാൾ ശ്രീവൽസത്തിലെ സമ്പർക്കവിലക്ക് കേന്ദ്രത്തിലെത്തിയപ്പോൾ പെട്ടിക്കണക്കിന് സിഗരറ്റ് കൂടെയുണ്ടായിരുന്നു.എത്തിയപ്പോൾ തന്നെ സിഗരറ്റ് വലിക്കാൻ പറ്റില്ലെന്ന്‌ ആരോഗ്യപ്രവർത്തകർ പറഞ്ഞെങ്കിലും വകവെച്ചില്ല. പിന്നീടുള്ള ദിനങ്ങളിൽ മെഡിക്കൽ ഓഫീസർ ഡോ. ശില്പ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. അബ്ദുൾ ജലീൽ, ട്രോമാ കെയർ വൊളന്റിയർമാരായ അജ്മൽ, സാബിദ, റഹിം, സാദിഖ് എന്നിവർ പലതരത്തിലും ഉപദേശിച്ചു. ഒടുവിൽ ദേഷ്യംവന്ന് സിഗരറ്റ് പായ്ക്കറ്റുകൾ സ്വയം വലിച്ചെറിഞ്ഞു.വിവരമറിഞ്ഞ മകൻ സിഗരറ്റ് കിട്ടിയില്ലെങ്കിൽ ബാപ്പ അക്രമാസക്ത നാകുമെന്ന് മുന്നറിയിപ്പു നൽകി.ഇതോടെ വലിച്ചെറിഞ്ഞ പായ്ക്കറ്റുകൾ ആരോഗ്യപ്രവർത്തകർ തിരിച്ചെടുത്തു. 20-ാം വയസുമുതൽ നാളിതുവരെ വലിച്ച സിഗരറ്റിന്റെ വില 26 ലക്ഷംരൂപ വരുമെന്ന ആരോഗ്യപ്രവർത്തകരുടെ കണക്കുകേട്ട് അബ്ദുറഹ്‌മാന്റെ കണ്ണുതള്ളി. വലിക്കുന്ന സിഗരറ്റുപായ്ക്കറ്റിന്റെ എണ്ണം കുറച്ചുതുടങ്ങി. സിഗരറ്റ് വൊളന്റിയർമാരുടെ കൈവശമായി സൂക്ഷിപ്പ്. ആവശ്യപ്പെടുമ്പോൾ അവർ നൽകും. കുറച്ചു ദിവസങ്ങൾക്കകം വലിക്കുന്ന പായ്ക്കറ്റുകളുടെ എണ്ണം കുറഞ്ഞുതുടങ്ങി.ഒടുവിൽ സമ്പർക്കവിലക്കിന്റെ 14-ാം ദിവസം വൊളന്റിയർ നൽകിയ അവസാനത്തെ സിഗരറ്റ് തിരിച്ചുനൽകിയപ്പോൾ അബ്ദുറഹ്‌മാന്റെ കണ്ണ് നിറഞ്ഞു. പുതുജീവിതത്തിലേക്ക് പൂച്ചെണ്ടുനൽകിയാണ് ആരോഗ്യപ്രവർത്തകർ ഇദ്ദേഹത്തെ യാത്രയാക്കിയത്.