25 April 2024 Thursday

മതവിദ്വേഷ പ്രസംഗം:പി.സി. ജോര്‍ജ് അറസ്റ്റിൽ; മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും

ckmnews

മതവിദ്വേഷ പ്രസംഗം:പി.സി. ജോര്‍ജ് അറസ്റ്റിൽ; മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും


കോട്ടയം/തിരുവനന്തപുരം∙ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. 


പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ വട്ടപ്പാറയില്‍ വച്ച് വാഹനവ്യൂഹം തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിനു പിന്തുണ അറിയിച്ചു. എആര്‍ ക്യാംപിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനെ രിങ്കൊടി കാട്ടി പ്രതിഷേധിച്ചു. 



അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഡിവൈഎഫ്ഐ പൊലീസിലും പരാതി നല്‍കിയിരുന്നു.


കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ പി.സി.ജോര്‍ജ് ഉന്നയിച്ചെന്നാണു പരാതി.


മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ജോര്‍ജിന്റെ പ്രസംഗം കാരണമാകുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ തകര്‍ക്കുകയും നാട്ടില്‍ വര്‍ഗീയ, ജാതീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പി.സി.ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി ഈരാറ്റുപേട്ട പൊലീസിലാണു പരാതി നല്‍കിയത്.