25 April 2024 Thursday

സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

ckmnews

സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് ഏപ്രിൽ 28നു ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അറിയിച്ചത്.

വെള്ളിയാഴ്ച (29) വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും നിയന്ത്രണം ഉണ്ടാകില്ല. പ്രതിസന്ധി ഘട്ടത്തിൽ ഇതിനിടയിൽ ഏപ്രിൽ 28ന് മാത്രമാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം സംസ്ഥാനത്തു നടപ്പിലാക്കിയിട്ടുള്ളത്. അരുണാചൽ പ്രദേശ് പവർ ട്രേഡിങ് കോർപറേഷൻ ബാങ്കിങ് ഓഫർ മുഖേന ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ (100.05) സ്വീകരിക്കാനും വൈദ്യുതി മേയ് മൂന്നു മുതൽ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബിൽ തീരുമാനിച്ചു.


ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെയാണു താൽക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണമായും മറികടന്നത്. എങ്കിലും ഊർജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകിട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാനും മന്ത്രി അഭ്യർഥിച്ചു