29 March 2024 Friday

ചെലവുചുരുക്കാന്‍ കണ്ടക്ടറില്ലാതെ ഓടി, ബസിന് പൂട്ടിട്ട് മോട്ടോര്‍വാഹന വകുപ്പ്

ckmnews

കണ്ടക്ടറില്ലാതെ പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്‍റെ ഓട്ടം മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. കണ്ടക്ടറില്ലാതെ ബസിന് ഓടാനാവില്ലെന്ന് വ്യക്തമാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിലക്കെന്നും ഇതോടെ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം ബസ് ഓട്ടം നിര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.


പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് സംഭവം.  ജില്ലയിലെ ആദ്യ സിഎൻജി ബസാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സർവീസ് നിർത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ്‌ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്‍കി.

സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഉടമ നടത്തിയ പരീക്ഷണം വൈറലായിരുന്നു.  വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു ആണ് ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതിവാതകം ഇന്ധനമാക്കിയ ബസ് റോഡില്‍ ഇറക്കിയത്. ഡ്രൈവര്‍ മാത്രമായിരുന്നു  കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരന്‍. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു ഈ ബസിന്‍റെ റൂട്ട്. ഞായറാഴ്‍ച സര്‍വ്വീസ് ആരംഭിച്ച ബസ് സര്‍വീസിന് സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരവും ലഭിച്ചിരുന്നു.