20 April 2024 Saturday

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി

ckmnews

ജയ്പൂർ∙ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സച്ചിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം. 

പിസിസി അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ നിയമിച്ചതായി അറിയിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. ഗോവിന്ദ് സിങ് ദോത്സാരെയാണ് പുതിയ പിസിസി അധ്യക്ഷൻ. യൂത്ത് കോൺഗ്രസ്, സേവാദൾ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തതായും പുതിയ ആളുകളെ നിയമിച്ചതായും അറിയിച്ചു. നീക്കം ചെയ്തവർ ഇരുവരും സച്ചിൻ പൈലറ്റിന്റെ അനുയായികൾ ആയിരുന്നു.

രാവിലെ വിളിച്ചുചേർത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സച്ചിൻ പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കൻ എന്നിവരും നിയമസഭാ കക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു.