29 March 2024 Friday

ഫൈനല്‍ ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു; മറുവശത്ത് മലയാളി കോച്ചും താരങ്ങളുമടങ്ങിയ കര്‍ണാടക

ckmnews

മഞ്ചേരി: സന്തോഷ് ട്രോഫി  ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരളം  ഇന്നിറങ്ങും. അയല്‍ക്കാരായ കര്‍ണാടകയാണ്  എതിരാളികള്‍. രാത്രി എട്ടരയ്ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലെത്തിയ ആത്മവിശ്വാസത്തിലാണ് കേരളം. 25-ാം സെമിപോരാട്ടത്തിനാണ് ആതിഥേയര്‍ ബൂട്ടുകെട്ടുന്നത്. ഗോളടിച്ച് മുന്നില്‍നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫില്‍ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.


ക്യാപ്റ്റന്‍ ഇതുവരെ നേടിയത് അഞ്ച് ഗോളുകള്‍. നിറഞ്ഞുകളിക്കുന്ന മധ്യനിരയിലും ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്ന പ്രതിരോധവും ടീമിന്റെ കരുത്ത്. 11 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ച കേരളം ടൂര്‍ണമെന്റില്‍ വഴങ്ങിയത് മൂന്ന് ഗോള്‍ മാത്രം. നാല് ദിവസം അവധി കിട്ടിയതും ടീമിന് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് കോച്ച് ബിനോ ജോര്‍ജ്. രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലിലെത്തിയതെങ്കിലും കര്‍ണാടകയെ എഴുതിത്തള്ളാനാവില്ല.