23 April 2024 Tuesday

ലോക മുത്തശ്ശി വിടവാങ്ങി; അന്ത്യം 119 ആം വയസ്സിൽ

ckmnews

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്‌തിയായിരുന്ന ജാപ്പനീസ്‌ വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്‌ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ്‌ വിടവാങ്ങിയത്‌. കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ്‌ ഹോമിലാണു കഴിഞ്ഞിരുന്നത്‌.


2019-ലാണ്‌ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി ഗിന്നസ്‌ വേള്‍ഡ്‌ റെക്കോഡ്‌സ്‌ തനാക്കയെ അംഗീകരിച്ചത്‌. കഴിഞ്ഞവര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സ്‌ ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാകണമെന്ന്‌ തനാക്ക ആഗ്രഹിച്ചിരുന്നു. ചക്രക്കസേരയിലിരുന്ന്‌ ദീപശിഖ വഹിക്കണമെന്ന അവരുടെ ആഗ്രഹത്തിനു കൊവിഡ്‌ വ്യാപനം വിലങ്ങുതടിയായി.

ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക മേഖലയില്‍ 1903 ജനുവരി രണ്ടിനാണ്‌ കെയ്‌ന്‍ തനാക്ക ജനിച്ചത്‌. അതേ വര്‍ഷമാണ്‌ െറെറ്റ്‌ സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും മേരി ക്യൂറി നൊബേല്‍ പുരസ്‌കാരത്തിന്‌ അര്‍ഹയായ ആദ്യ വനിതയാകുന്നതും. കേക്ക്‌ വില്‍പ്പന സ്‌ഥാപനം ഉള്‍പ്പെടെ ഒരുപിടി വ്യാപാരസംരംഭങ്ങളിലൂടെയായിരുന്നു യുവതിയായിരുന്ന തനാക്ക ജീവിതം കരുപ്പിടിപ്പിച്ചത്‌. 100 വര്‍ഷം മുമ്പ്‌, 1922-ല്‍ ഹിദിയോ താനാക്കയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്‌. കൂടാതെ മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്‌തു.