24 April 2024 Wednesday

പെരുമ്പടപ്പ് വെളിയംകോട് മേഖലയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍,അതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചു

ckmnews



പെരുമ്പടപ്പ്:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭയിലും പെരുമ്പടപ്പ് വെളിയംകോട് തീര മേഖലയിലും പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചതോടെ പ്രദേശവാസികള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.പ്രദേശത്തെ ഗ്രാമങ്ങളിലേക്കുള്ള റോഡുകള്‍ പോലും ഒരു പഴുതുമില്ലാതെ അടച്ചത് പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് വരുന്നതിനോ അത്യാവശ്യ ആശുപത്രി മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോവുന്നതിനോ പോലും കഴിയാത്ത വിധം റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടെന്ന പരാതിയാണ് ഉയരുന്നത്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍  ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും തന്നെ സ്വീകരിക്കാതെയാണ് പ്രദേശത്തെ പൂര്‍ണ്ണമായും അടച്ചിട്ടെതെന്ന ആരോപണവും ഉയരുന്നുണ്ട്.

നഗരസഭയിൽ മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 100 കടന്നു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെ 5 ദിവസമായി നടന്ന പ്രത്യേക പരിശോധനയിലൂടെ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 113 പേർക്ക്. ആന്റിജൻ പരിശോധന ഇന്നലെ പൂർത്തിയായി. ജില്ലയിൽ ഇന്നലെ രോഗം കണ്ടെത്തിയ 21 പേരിൽ 19 പേരും പൊന്നാനി താലൂക്കിൽ നിന്നുള്ളവരാണ്. ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 47 പേർക്ക്.


8ന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ നാടോടി സ്ത്രീയുമായി (60) ബന്ധമുണ്ടായ മൂന്നിയൂർ സ്വദേശിയായ ഡോക്ടർക്ക് (42) ഉൾപ്പെടെയാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്. ഇവർക്കു പുറമേ 9ന് രോഗം സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗൺസിലറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശിക്കും (56) രോഗം കണ്ടെത്തി.  രോഗബാധിതരിൽ 22 പേർ വിദേശത്തുനിന്നും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.


താനൂർ തീവ്ര കണ്ടെയ്ൻമെന്റ് സോൺ


മലപ്പുറം ∙ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത്, ട്രിപ്പിൾ ലോക്‌‍ഡൗൺ പ്രഖ്യാപിച്ച താനൂർ നഗരസഭയെ തീവ്ര കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി കലക്ടർ കെ.ഗോപാലകൃഷ്ണൻ. രാത്രി 7 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ തുടരും. ആശുപത്രി, എയർപോർട്ട് അടക്കമുള്ള അടിയന്തര സാഹചര്യത്തിലുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ.


രാവിലെ 7 മുതൽ 9 വരെ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് 10 മുതൽ വൈകിട്ട് 6 വരെ ഭക്ഷ്യവിതരണ, വിൽപന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. സാമൂഹിക അകലം, കോവിഡ് ജാഗ്രത എന്നിവ പാലിച്ചു മത്സ്യബന്ധനവും വിപണനവും നടത്താം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.


ഡോക്ടർക്ക് കോവിഡ്: തിരൂരങ്ങാടി താലൂക്ക് ആശുപത്രി അടച്ചു


തിരൂരങ്ങാടി ∙ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു. ഒപി ഉൾപ്പെടെ ഉണ്ടായിരിക്കില്ലെന്ന് സൂപ്രണ്ട് ഡോ.ഹരിദാസൻ പറഞ്ഞു. തുടർനടപടികളെക്കുറിച്ച് ഇന്നു തീരുമാനമെടുക്കും.  കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി ഭൂരിഭാഗം ഡോക്ടർമാർക്കും സമ്പർക്കമുള്ളതിനാലാണ് ആശുപത്രി അടയ്ക്കുന്നത്. കഴിഞ്ഞമാസം 30ന് ആശുപത്രിയിൽ എത്തിയ നാടോടി സ്ത്രീയെ ചികിത്സിച്ച ഡോക്ടർക്കാണ് രോഗബാധ. 8ന് ആണ് നാടോടി സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത്.


അന്നു മുതൽ ഡോക്ടർ ക്വാറന്റീനിൽ പോയി. എന്നാൽ, തലേന്ന് ആശുപത്രിയിൽ നടന്ന ഡോക്ടർമാരുടെ യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ 2 പേരൊഴികെ മുഴുവൻ ഡോക്ടർമാരും ഉണ്ടായിരുന്നു. രോഗബാധ സംബന്ധിച്ച വിവരം ലഭിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് 12ന് ഒപി നിർത്തിവച്ചു. ഇന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും തുടർ നടപടികൾ. ആശുപത്രിയിലെ ഒരു അറ്റൻഡർക്കും കോവിഡ് ബാധിച്ചതായി സൂചനയുണ്ട്. 


തീരദേശത്ത് ട്രിപ്പിൾ ലോക്ഡൗൺ

പൊന്നാനി/ താനൂർ ∙ സമൂഹ വ്യാപന ഭീതി തുടരുന്ന തീരദേശം അടച്ചിട്ട് ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി. പൊന്നാനിയിൽ ഇന്ന് റോഡുകൾ അടയ്ക്കും. താനൂരിൽ ഇന്നലെ വൈകിട്ട് മുതൽ പൊലീസ് നടപടി ശക്തമാക്കി. നിയമം ലംഘിച്ച് മീൻപിടിത്തത്തിനിറങ്ങിയ 24 ചെറുഫൈബർ ബോട്ട് ഉടമകൾക്കെതിരെ മത്സ്യഭവൻ അധികൃതരുടെ പരാതിയിൽ കേസെടുത്തതായി താനൂർ ഇൻസ്പെക്ടർ പി.പ്രമോദ് അറിയിച്ചു. വാഴക്കത്തെരു, നാലും കൂടിയ ജം‍ക്‌ഷൻ എന്നിവിടങ്ങളിൽ പൊലീസ് കാവലേർപ്പെടുത്തി.


പൊന്നാനി നഗരസഭയിലും സമീപ പഞ്ചായത്തുകളായ മാറഞ്ചേരി, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകളിലുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. താലൂക്കിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനു പുറമേയാണ് തീരദേശ പഞ്ചായത്തുകളിലും നഗരസഭയിലും ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയത്.