25 April 2024 Thursday

തവനൂരിൽ സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ഒരുങ്ങി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തേക്കും:750 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം

ckmnews

തവനൂരിൽ സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ഒരുങ്ങി 


മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തേക്കും:750 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം


കുറ്റിപ്പുറം:സംസ്ഥാനത്തെ നാലാമത്തേതും സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തേതുമായ സെൻട്രൽ ജയിൽ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂർ കൂരടയിൽ ജയിൽ വകുപ്പിനു കീഴിലുള്ള 8 ഏക്കർ ഭൂമിയിൽ 3 നിലകളിലായി നിർമിച്ച സെൻട്രൽ ജയിൽ സമുച്ചയം മേയ് ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാനാണു ശ്രമം. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ സെൻട്രൽ ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സമയം ലഭിക്കാനുള്ള ശ്രമത്തിലാണ് ജയിൽ വകുപ്പ്.


35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച പദ്ധതിയാണിത്. ആദ്യം ജില്ലാ ജയിലായി നിർമാണം തുടങ്ങിയ പദ്ധതി പിന്നീട് സെൻട്രൽ ജയിലാക്കി     ഉയർത്തുകയായിരുന്നു. പലതവണ നിർമാണം സ്തംഭിച്ച പദ്ധതി രണ്ടാംഘട്ടത്തിൽ അനുവദിച്ച 14.7 കോടിരൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്.ആദ്യഘട്ടത്തിൽ 750 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികളും കവാടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ജയിൽ സമുച്ചയത്തിലേക്ക് ആവശ്യമായ ശുദ്ധജലമെത്തിക്കാൻ ഭാരതപ്പുഴയോരത്ത് ജലവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേകം കിണർ നിർമാണം ആരംഭിച്ചു. ഇത് പൂർത്തിയായാൽ പൈപ്‌ലൈൻ സ്ഥാപിച്ച് ജയിലിലേക്ക് വെള്ളമെത്തിക്കും. ഇതോടൊപ്പം ജലശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും.


അതുവരെ ജലഅതോറിറ്റിയുടെ നിലവിലുള്ള കണക്‌ഷനെയാണ് ആശ്രയിക്കുക. ജയിലിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും എത്തിത്തുടങ്ങി. വൈദ്യുതി കണക്‌ഷൻ കഴിഞ്ഞമാസം ലഭിച്ചിരുന്നു. സെൻട്രൽ ജയിലിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമന അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടെ തവനൂർ കൂരടയിൽ ശിക്ഷാതടവുകാരെ പാർപ്പിച്ചു തുടങ്ങുമെന്നാണു വിവരം. നിലവിൽ ജില്ലയിൽനിന്ന് കണ്ണൂർ അടക്കമുള്ള സെൻട്രൽ ജയിലുകളിലേക്കാണ് ശിക്ഷാതടവുകാരെ കൊണ്ടുപോകുന്നത്.