19 April 2024 Friday

ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവം ഒല 1441 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുമെന്ന് കമ്പനി

ckmnews

ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവം


 ഒല 1441 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുമെന്ന് കമ്പനി


ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ

ഒല 1441 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുമെന്ന് കമ്പനി.സമാനമായ രീതിയിൽ ഒകിനാവയും പ്യുവർ ഇവിയും അടുത്തിടെ ഇതേ നടപടി സ്വീകരിച്ചിച്ചിരുന്നു. ഇതേ തുടർന്നാണ് ഒലയുടെ നീക്കം.  

ഒരു മുൻകൂർ നടപടിയെന്ന നിലയിലാണ് പ്രത്യേക ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ ഡയഗ്നോസ്റ്റിക്, ഹെൽത്ത് ചെക്ക് നടത്തുന്നതിനായി ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ച് വിളിച്ചതെന്ന് കമ്പനി അറിയിച്ചു. തിരിച്ചുവിളിച്ച യൂണിറ്റുകൾ തങ്ങളുടെ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ പരിശോധന നടത്തുമെന്നും ഒല പറഞ്ഞു. 

മാർച്ച് 26ന് പൂനെയിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക വിലയിരുത്തലിൽ ഇത് ഒറ്റപ്പെട്ട സംഭവം ആണെന്ന് കമ്പനി അറിയിച്ചു. പൂനെയിൽ വാഹനത്തിന് തീപിടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒല എസ്1 സ്കൂട്ടറിനായിരുന്നു തീ പിടിച്ചത്. റോഡരികിൽ സ്‌കൂട്ടർ നിന്ന് കത്തുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിതരണം ആരംഭിച്ച ശേഷം ആദ്യമായിട്ടായിരുന്നു ഒലയുടെ സ്കൂട്ടറുകൾക്കൊന്നിന് ഇത്തരത്തിലൊരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ നിരവധി പേർ സ്കൂട്ടറിന്റെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നത്.


ഇവി സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു

അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇത് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ നിർമ്മാതാക്കളെ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. അതേസമയം PureEV ഏകദേശം 2,000 യൂണിറ്റുകളും തിരിച്ചുവിളിച്ചു. 

തീപിടിത്ത സംഭവങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു പാനൽ രൂപീകരിച്ചിരുന്നു. കമ്പനികൾ അശ്രദ്ധ കാണിച്ചാൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ എൺപതുകാരൻ മരിച്ചത്. സ്കൂട്ടർ വാങ്ങി പിറ്റേ ദിവസം അപകടമുണ്ടായത്. അതിന് മുൻപ് ആന്ധ്രപ്രദേശ് വിജയവാഡയിൽ സമാന അപകടത്തിൽ 40കാരനും മരിച്ചു. തമിഴ്നാട്ടിലും ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ച് പിതാവും മകളും മരിച്ച ദാരുണ സംഭവമുണ്ടായിരുന്നു.

ഇലക്ട്രിക് സ്കൂട്ടറുകളിൽ ലിഥിയം അയൺ ബാറ്ററിയാണ് ഉള്ളത്. ഇത് സെൽഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ഉപയോഗിക്കുന്ന തരം ബാറ്ററിയാണ്. താരതമ്യേന ഇവയ്ക്ക് ഭാരക്കുറവും കാര്യക്ഷമത കൂടുതലുമാണ്. എന്നാൽ തീപിടിത്ത സാധ്യതയും കൂടുതലെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. 

ഇന്ധന വില വർധനവിന്റെ സാഹചര്യത്തിൽ ഇ സ്കൂട്ടറുകളിലേക്ക് മാറുന്നവരുടെ എണ്ണം കൂടുകയാണ്. മാർക്കറ്റിൽ സ്ഥാനം പിടിക്കാനുള്ള കമ്പനികളുടെ മത്സരവും വർധിച്ച് വരികയാണ്. പെട്ടെന്ന് ഡെലിവറി നടത്താനും, പുതിയ ഫീച്ചറുകൾ കൊണ്ട് വരാനും കമ്പനികൾ കാണിക്കുന്ന തിടുക്കം പലപ്പോഴും സുരക്ഷിതത്വത്തിൽ വീഴ്ച വരുത്താൻ കാരണമായിട്ടുണ്ടോയെന്നും സംശയമുണ്ട്. അത് പോലെ തന്നെ വർധിച്ച് വരുന്ന അന്തരീക്ഷ താപനിലയിൽ ഇ-വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും ചർച്ചയാകുന്നുണ്ട്.